01 December Thursday

നിയമം പാസാക്കാൻ ഗവർണർക്ക്‌ ഭരണഘടനാ ബാധ്യതയുണ്ട്‌: ജസ്‌റ്റിസ്‌ കെ കെ ദിനേശൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയനും ചേർന്ന്‌ ‘ഫെഡറലിസവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ജസ്‌റ്റിസ്‌ കെ കെ ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌

നിയമസഭ പാസാക്കിയ നിയമങ്ങൾ അംഗീകരിക്കാൻ ഗവർണർക്ക്‌ ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന്‌ ജസ്‌റ്റിസ്‌ കെ കെ ദിനേശൻ പറഞ്ഞു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയനും ചേർന്ന്‌  ‘ഫെഡറലിസവും ഭരണഘടനയും നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുതലക്കുളം മൈതാനത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ലെങ്കിൽ അത്‌ ഭരണഘടനാ ലംഘനമാണെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ഏതെങ്കിലും പദവിയെ സംരക്ഷിക്കുക എന്നത്‌ ജനങ്ങളുടെ ബാധ്യതയല്ല.  
റഫറിയുടെ റോളാണ്‌ ഗവർണർക്ക്‌ ഭരണഘടന നൽകുന്നത്‌. സംസ്ഥാന മന്ത്രിസഭ നിർമിക്കുന്ന നിയമങ്ങൾക്ക്‌ ഭരണഘടനാ സാധുതയുണ്ടോ എന്ന്‌ പരിശോധിക്കാൻ മാത്രമാണ്‌ അദ്ദേഹത്തിന്‌ അധികാരം. നിയമം റദ്ദാക്കാൻ അധികാരമില്ല. ആവശ്യമെങ്കിൽ നിയമഭേദഗതിക്ക്‌ നിർദേശിക്കാം. വേണമെങ്കിൽ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കാം. എന്നാൽ, പ്രത്യേക ദുരുദ്ദേശ്യത്തോടെ അംഗീകാരം നൽകാതെ അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ല. എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന്‌ ഭരണഘടന നിഷ്‌കർഷിക്കുന്നുണ്ട്‌. 
ജനങ്ങളുടെ അധികാരമാണ്‌ മന്ത്രിസഭയ്‌ക്കുള്ളത്‌. അതിന്‌ ചിറകെട്ടാൻ ശ്രമിച്ചാൽ നിലനിൽക്കില്ല. ഗവർണർ പദവി തെരഞ്ഞെടുക്കപ്പെട്ട പദവിയല്ല.  ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്ന തീരുമാനമെടുക്കാൻ ഗവർണർക്ക്‌ ഭരണഘടന അധികാരം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  
ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. അഡ്വ. പി എം സുരേഷ്‌ ബാബു, അഡ്വ. ഇ കെ നാരായണൻ എന്നിവർ സംസാരിച്ചു. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top