25 September Friday

63 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു അതീവ ജാഗ്രതയിൽ വിലങ്ങാട് മലയോരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ഉരുട്ടിപ്പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മരങ്ങളും കല്ലുകളും നീക്കംചെയ്യാൻ ശ്രമിക്കുന്ന ഫയർഫോഴ്സ് സംഘം

നാദാപുരം 
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന വിലങ്ങാട് മലയോരമേഖലയിൽ അതീവ ജാഗ്രത തുടരുന്നു. 62 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. വിലങ്ങാട് സെന്റ്‌ ജോർജ് ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. അടുപ്പിൽ ആദിവാസികോളനിയിലെ 42 കുടുംബങ്ങളെ  താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചു. 
ആലിമൂല, മാടാഞ്ചേരി കോളനി, പന്നിയേരി കോളനി, അടിച്ചിപ്പാറ, മലയങ്ങാട്, പാനോം, ഉടുമ്പറങ്ങി, വാളാംതോട് എന്നിവിടങ്ങളിലുള്ളവരെ ബന്ധുവീടുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. വ്യാഴാഴ്‌ച രാത്രി വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും കല്ലുകളും ഒഴുകിയെത്തി ഉരുട്ടി പാലത്തിനടിയിൽ അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ട്‌ വെള്ളം പാലത്തിന് മുകളിലൂടെ ശക്തമായി ഒഴുകുകയാണ്. 
ഉരുട്ടിപ്പാലം വഴി വിലങ്ങാട് ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചു. വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാൻ ഫയർഫോഴ്സ് സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 
കഴിഞ്ഞവർഷം ഉരുൾപൊട്ടലിൽ തകർന്ന പാലം ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ്‌‌ താൽക്കാലികമായി നിർമിച്ചത്. വിലങ്ങാട് മേഖലയും അപകടാവസ്ഥയിലുള്ള ഉരുട്ടിപ്പാലവും ഇ കെ വിജയൻ എംഎൽഎ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഒ സി ജയൻ, ഡെപ്യൂട്ടി കലക്ടർ സി ബിജു, പഞ്ചായത്ത്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം കെ മജീദ്, സെക്രട്ടറി സബിത, അംഗങ്ങളായ രാജു അലക്സ്, എൻ പി വാസു, കെ ടി ബാബു എന്നിവരും സ്ഥലത്തെത്തി. പൊലീസും വളന്റിയർമാരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top