25 August Sunday

ശാസനയും ഒപ്പം മധുരവുമായി കുട്ടിപ്പോലീസ‌് റോഡിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019
വടകര 
ട്രാഫിക് നിയമം പാലിച്ച് ശ്രദ്ധയോടെ വണ്ടിയോടിച്ചാൽ മിഠായിയോ മധുര പലഹാരമോ, നിയമം ലഘിച്ചാൽ ശാസനയും. കുട്ടിപ്പോലീസുകാർ ട്രാഫിക്ക‌് നിയന്ത്രിച്ച വടകര നഗരത്തിൽ നിന്നുള്ള കാഴ‌്ചയായിരുന്നു ഇത‌്. പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കാർത്തിക് മനോജ്കൃഷ്ണയുടേയും നാഫിയ മുസ്തഫയുടേയും നേതൃത്വത്തിലുള്ള 44 അംഗ സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റ‌് സംഘത്തെയാണ‌് വടകര ട്രാഫിക് പൊലീസ് നഗരത്തിലെ ഗതാഗത നിയന്ത്രണം ഏൽപ്പിച്ചത‌്. 
ഹെൽമറ്റിടാത്തവർ, അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവർ, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക‌് ചെയ‌്തവർ എന്നിവർക്കെല്ലാം സ്നേഹശാസന. തെറ്റ‌് ആവർത്തിക്കാതിരിക്കാൻ ട്രാഫിക് നിർദേശങ്ങളടങ്ങിയ ലഘുലേഖ നൽകി യാത്രയാക്കി.  നിയമലംഘനം ഉറവിടത്തിൽ കണ്ടെത്തി ബോധവൽക്കരിക്കുക എന്നതാണ് ട്രാഫിക് പൊലീസിന്റെ ലക്ഷ്യം. നിയമം ലംഘിച്ച‌് വാഹനം ഓടിച്ചവരാരും തന്നെ കുട്ടിപ്പോലീസിന്റെ കണ്ണിൽ നിന്നും രക്ഷപ്പെട്ടതുമില്ല. പഴയ സ്റ്റാൻഡ് പരിസരം, പുതിയ സ്റ്റാൻഡ്, എടോടി, ലിങ്ക് റോഡ്,  അടക്കാതെരു ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം കുട്ടിപ്പൊലീസ‌് നിരന്നു.
 വടകര സിഐ അബ്ദുൾകരിം, എസ്ഐമാരായ കെ എ ഷറഫുദ്ദീൻ, പി എം മോഹനൻ, അജയകുമാർ, സിപിഒ ഷൈജു മാധവൻ, എസിപിഒ പി പി ഗിരിജ, ഡ്രിൽ ഇൻസ്ട്രക്ടർ രതീഷ് പടിക്കൽ, പ്രജീഷ്, ഹരിദാസ് മണ്ണുക്കണ്ടി, ഡബ്ല്യുപിഒ ബിജി എന്നിവർ കുട്ടിപ്പൊലീസ‌് സംഘത്തിന‌് ആവശ്യമായ നിർദേശങ്ങളും പിന്തുണയുമായി റോഡിലുണ്ടായിരുന്നു. 

 

പ്രധാന വാർത്തകൾ
 Top