26 August Monday

സബ‌് ട്രഷറി കെട്ടിട മാറ്റം: നടപടികൾ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019
വടകര 
വടകര സബ‌് ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആർഡിഒ വിളിച്ചുചേർത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിൽ നടപടികൾ പുരോഗമിക്കുന്നതായി ട്രഷറി വകുപ്പും മുൻസിപ്പൽ എൻജിനിയറിങ‌് വിഭാഗവും താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. കെട്ടിടത്തിന്റെ പ്ലാൻ സംബന്ധിച്ച സാങ്കേതിക തടസ്സമാണ് മാറ്റത്തിന് തടസമായത‌്. ഇത് പരിഹരിക്കാനുള്ള ശ്രമം നടന്നുവരുന്നതായും ഇവർ യോഗത്തിൽ അറിയിച്ചു. 
ദേശീയപാതയിൽ പെരുവാട്ടുംതാഴ ജങ‌്ഷനിൽ തകരാറിലായ ട്രാഫിക് സിഗ്‌നൽ പ്രവർത്തനക്ഷമമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിർമാണ കരാർ ഏറ്റെടുത്ത കെൽട്രോണിന്റെ ശ്രദ്ധയിൽ  ഇക്കാര്യം കൊണ്ടുവന്ന് സിഗ്നൽ പ്രവർത്തനക്ഷമമാക്കുമെന്ന് സി കെ നാണു എംഎൽഎ യോഗത്തെ അറിയിച്ചു. 
താലൂക്കിലെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ്‌കൽപ്പിക്കാൻ സത്വര നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്താൻ യോഗം തീരുമാനിച്ചു. തലശേരി–-മാഹി ബൈപാസ‌് നിർമാണത്തെ തുടർന്ന് പാതയുടെ വശങ്ങളിലുള്ളവരുടെ യാത്രാ സൗകര്യം നഷ്ടപ്പെടുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. 
കുരിയാടി കക്കാട്ട് ഭാഗത്തെ കടൽ ഭിത്തി നിർമ്മാണം തുടങ്ങിയതായി ഇറിഗേഷൻ അധികൃതർ യോഗത്തെ അറിയിച്ചു. വെള്ളികുളങ്ങര ഒഞ്ചിയം റോഡ്‌ പ്രവൃത്തിയിലെ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും യോഗത്തിൽആവശ്യമുയർന്നു. താലൂക്ക് വികസനസമിതി യോഗത്തിൽ വളയം പഞ്ചായത്ത് പ്രസിഡന്റ്  എം സുമതി അധ്യക്ഷയായി. 
 ചോറോട് പഞ്ചായത്ത് പ്രസിഡൻറ് വിജില അമ്പലത്തിൽ, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ മോഹനൻ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, ജില്ലാ പഞ്ചായത്തംഗം എ ടി ശ്രീധരൻ, വികസന സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ടി വി ബാലകൃഷ്ണൻ, പി സുരേഷ്ബാബു, പി എം അശോകൻ, ഭൂരേഖ തഹസിൽദാർ കെ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top