20 April Tuesday

ഇനിയെല്ലാം കണക്കിലാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
സ്വന്തം ലേഖകൻ
കോഴിക്കോട്
വോട്ടുകളെല്ലാം പെട്ടിയിൽ വീണു.  ബൂത്തടിസ്ഥാനത്തിൽ ലഭിച്ച  വോട്ടിനെ കുറിച്ചുള്ള കണക്കെടുപ്പിലാണ്‌ സ്ഥാനാർഥികളും മുന്നണികളും.  തെരഞ്ഞെടുപ്പ്‌ പിറ്റേന്ന്‌ രാവിലെ മുതൽ സൗഹൃദ സന്ദർശനങ്ങളിലും  അവലോകന യോഗത്തിലും മുഴുകുകയായിരുന്നു സ്ഥാനാർഥികളും നേതാക്കളും. 
 നോർത്ത്‌ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രന്‌ രാവിലെ മാളിക്കടവിൽ  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നു.    തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയുണ്ടായ കാലിന്റെ   മുറിവ്‌ പരിശോധിപ്പിക്കാൻ‌ ആശുപത്രിയിലുമെത്തി. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലെത്തി  പ്രവർത്തകരെയും കണ്ടു. എ പ്രദീപ്‌കുമാർ എംഎൽഎയുടെ വീട്ടിൽ സൗഹൃദ സന്ദർശനവും നടത്തി. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്‌ സ്ഥാനാർഥി. 
കൂത്തുപറമ്പിൽ മരിച്ച മൻസൂറിന്റെ പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു യുഡിഎഫ്‌ സ്ഥാനാർഥി കെ എം അഭിജിത്ത്‌. തെരഞ്ഞെടുപ്പ്‌ ക്ഷീണം മാറ്റാൻ ഒരുദിവസം വിശ്രമത്തിനായി മാറ്റിവച്ചു ‌ ബിജെപി സ്ഥാനാർഥി എം ടി രമേശ്‌. വൈകിട്ട്‌ അവലോകന യോഗത്തിലും പങ്കെടുത്തു.
സൗത്ത്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി അഹമ്മദ്‌ ദേവർകോവിൽ രാവിലെ വിവാഹ ചടങ്ങിലും അസുഖബാധിതനായ ആളെ സന്ദർശിക്കാനും സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ്‌ ദിവസം കപ്പക്കലിൽ യുഡിഎഫുകാർ അക്രമിച്ച്‌ പരിക്കേൽപ്പിച്ചവരെ കാണാൻ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമെത്തി. നിറഞ്ഞ ശുഭാപ്‌തി വിശ്വാസമാണെന്ന്‌ അഹമ്മദ്‌ ദേവർകോവിൽ. യുഡിഎഫ്‌ സ്ഥാനാർഥി നൂർബിന റഷീദ്‌ രാവിലെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ബേബി മെമ്മോറിയൽ ആശുപത്രിയിലുമെത്തി. പ്രചാരണത്തിരക്കൊഴിഞ്ഞതിനാൽ   അച്ഛനമ്മമാരെയും   കുടുംബാംഗങ്ങളെയും കാണാനും സമയം കണ്ടെത്തി. കർമം ചെയ്‌തിട്ടുണ്ടെന്നും ഫലമറിയാൻ ഒരുമാസം കാത്തിരിക്കാമെന്നും‌ നൂർബിന പറഞ്ഞു. ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്‌ വിശ്രമത്തിലായിരുന്നു. 
കൊയിലാണ്ടി എൽഡിഎഫ്‌ സ്ഥാനാർഥി കാനത്തിൽ ജമീല രാവിലെ കൊല്ലത്ത് ഇ കെ വിജയൻ എംഎൽഎയുടെ അമ്മ മരിച്ചതറിഞ്ഞ്‌ അവിടെയെത്തി.  ചീക്കിലോട്ടെ മരണ വീട്ടിലും വൈകിട്ട്‌ വിവാഹ ചടങ്ങിലും പങ്കെടുത്തു.   കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥി എൻ സുബ്രഹ്മണ്യനും എൻഡിഎ സ്ഥാനാർത്ഥി എൻ പി രാധാകൃഷ്ണനും രാവിലെ ഇ കെ വിജയൻ എംഎൽഎയുടെ അമ്മ മരിച്ചതറിഞ്ഞ്‌ വീട്‌ സന്ദർശിച്ചു. വിവിധ വിവാഹ വീടുകളിലും മരണവീടുകളിലുമെത്തി.
പേരാമ്പ്രയിൽ എൽഡിഎഫ്‌ സ്ഥാനാർഥി ടി പി രാമകൃഷ്‌ണൻ   എ കെ ജി മന്ദിരത്തിലെത്തി പാർടി പ്രവർത്തകരെ കണ്ടു. ഉച്ച‌ക്ക്‌ കപ്പുച്ചിൻ പള്ളി ഹാളിൽ  വിവാഹ ചടങ്ങിലും പങ്കെടുത്താണ്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌. യുഡിഎഫ്‌ സ്ഥാനാർഥി സി എച്ച് ഇബ്രാഹിംകുട്ടി കടിയങ്ങാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. എൻഡിഎ സ്ഥാനാർഥി അഡ്വ.കെ വി സുധീർ കോഴിക്കോട്ടെ വീട്ടിലും.  
കുന്നമംഗലം എൽഡിഎഫ്‌ സ്ഥാനാർഥി  അഡ്വ.പി ടി എ റഹീം കൊടുവള്ളി ചുണ്ടപ്പറമ്പിലെ മരണവീട്ടിലെത്തി. മാവൂരിൽ കംപ്യൂട്ടർ സെന്റർ, പന്തീരാങ്കാവിൽ സൂപ്പർ മാർക്കറ്റ്‌, മാവൂർ ഡയമണ്ട്‌ ജങ്‌ഷൻ എന്നിവിടങ്ങളിൽ ഉദ്‌ഘാടന ചടങ്ങുമുണ്ടായിരുന്നു കുന്നമംഗലത്തെ ഓഫീസിലുമെത്തി.  കൊടുവള്ളി മുസ്ലിം ഓർഫനേജ്‌ എക്‌സിക്യുട്ടീവ്‌ യോഗത്തിലും പങ്കെടുത്തു.
 വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ രാവിലെ മരണവീടുകളിലും വിവാഹ വീടുകളിലും സന്ദർശിച്ചു. ഇ കെ വിജയന്റെ അമ്മ മരിച്ചതറിഞ്ഞ്‌  എംഎൽഎയുടെ വീട്ടിലും, വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങി കുഴഞ്ഞു വീണു മരിച്ച അഴിയൂരിലെ ജലീലിന്റെ വീട്ടിലുമെത്തി.  
കുറ്റ്യാടി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ പി കുഞ്ഞമ്മദ്‌കുട്ടിക്ക്‌ ബുധനാഴ്‌ച പൂർണ വിശ്രമമായിരുന്നു. യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള രാവിലെ വീട്ടിൽ തന്നെയായിരുന്നു. ഉച്ചയ്ക്ക് ശേഷം വോട്ടെടുപ്പിനിടെ മരിച്ച ലീഗ്‌ പ്രവർത്തകന്റെ പെരിങ്ങത്തൂരിലെ വീട്‌ സന്ദർശിച്ചു.
എൻഡിഎ സ്ഥാനാർഥി പി പി മുരളി രാവിലെ മുതൽ തന്റെ പച്ചക്കറി കൃഷി പരിപാലനത്തിലായിരുന്നു. തുടർന്ന് കൊളേജിലെത്തി ക്ലാസെടുത്തു.  തെരെഞ്ഞെടുപ്പ് അവലോകനവും നടത്തി.  
  തിരുവമ്പാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് ബുധനാഴ്ച രാവിലെ   പഞ്ചായത്ത് ഓഫീസിലെത്തി ഔദ്യോഗിക തിരക്കിലായി. ഇടയ്ക്ക് വിവാഹ വീടുകളിലുമെത്തി. അസുഖബാധിതരായി കിടക്കുന്ന ചിലരെ സന്ദർശിച്ചു.  
     യുഡിഎഫ്  സ്ഥാനാർഥി സി പി ചെറിയ മുഹമ്മദ് ബുധനാഴ്ച ഏതാനും മരണവീടുകൾ സന്ദർശിച്ചു. അന്തരിച്ച ജമാഅത്തെ ഇസ്ലാമി മുൻ അമീർ  പ്രൊഫ.കെ എ സിദ്ധീഖ് ഹസന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം.  രോഗികളെയും സന്ദർശിച്ചു. എൻഡിഎ സ്ഥാനാർഥി ബേബി അമ്പാട്ട് ബുധനാഴ്ച  മുന്നണി മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി തെരഞ്ഞെടുപ്പവലോകനം നടത്തി.
കൊടുവള്ളി  മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി   കാരാട്ട് റസാഖ് പൂർണമായും വീട്ടിൽ വിശ്രമത്തിലായിരുന്നു. വീട്ടിലെത്തിയ എൽഡിഎഫ് നേതാക്കളുമായി  ചർച്ചനടത്തി. എം കെ മുനീർ കണ്ണൂരിൽ കൊല്ലപ്പെട്ട മുസ്ലിംലീഗ് പ്രവർത്തകന്റെ വീട്‌ സന്ദർശിച്ചു. തുടർന്ന്‌ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു  പ്രവർത്തനം. ബിജെപി സ്ഥാനാർഥി ടി ബാലസോമൻ ഉണ്ണികുളത്ത് വീട്ടിൽ കുടുംബത്തോടൊപ്പം ചെലവിട്ടു.
നാദാപുരം, എലത്തൂർ, ബേപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും  ബുധനാഴ്ച വിവിധ പരിപാടികളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top