20 October Sunday
വെളിയണ്ണൂർ ചല്ലിക്ക‌് അംഗീകാരം

പാടശേഖര സമിതികൾക്ക്‌ വിള ഇൻഷുറൻസ്‌

എ സജീവ‌്കുമാർUpdated: Saturday Sep 7, 2019
കൊയിലാണ്ടി
വ്യക്തികൾക്ക‌് മാത്രമായി നൽകിയിരുന്ന വിള ഇൻഷുറൻസ‌് ആനുകൂല്യം വെളിയണ്ണൂർ ചല്ലിയിലെ പാടശേഖരസമിതികൾക്കും നൽകാൻ ഉത്തരവ്‌. വിള ഇൻഷുറൻസ‌് എടുത്തത് പാടശേഖരസമിതിയുടെ പേരിലായതിനാലും ഉടമസ്ഥർ പലരും രേഖകളിൽ ഇല്ലാത്തതിനാലും പ്രത്യേകമായി പരിഗണിച്ച‌് വിള ഇൻഷുറൻസ‌് നൽകണമെന്ന്‌ ഉത്തരവിൽ പറയുന്നു. കാർഷിക രംഗത്ത‌് ഉണർവുണ്ടാക്കുന്നതാണ്‌ സർക്കാർ തീരുമാനം. 
പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ചല്ലി വർഷങ്ങളോളം തരിശായിരുന്നു. കഴിഞ്ഞ വർഷം പാടശേഖരസമിതികളുടെ നേതൃത്വത്തിലാണ്‌ വെളിയണ്ണൂർ ചല്ലി പദ്ധതി നടപ്പാക്കിയത്‌. തരിശായിക്കിടന്ന പാടങ്ങളിൽ പലയിടത്തും ഉടമസ്ഥരെ കണ്ടെത്താനായില്ല. ചില ഭാഗങ്ങൾ റവന്യൂ വകുപ്പിന്റെ കൈവശമായിരുന്നു. സംസ്ഥാന ഹരിതമിഷൻ ഭാരവാഹിയായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ ജനകീയ സംരംഭമായി കൃഷി ആരംഭിച്ചു. ജലസംരക്ഷണത്തിനായി വലിയ തോടുകൾ നിർമിച്ചു. കൃഷിവകുപ്പും പൊതുസമൂഹവുമെല്ലാം പാടത്ത‌് കൂട്ടായ‌്മയൊരുക്കി. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ വിള ഇൻഷുറൻസും ചെയ‌്തിരുന്നു.
മികച്ച വിളവെടുക്കാമെന്ന പ്രതീക്ഷയോടെ കർഷകർ കാത്തിരിക്കുമ്പോഴാണ്‌ പ്രളയത്തിൽ പാടത്തിൽ വെള്ളം മൂടിയത്‌. വിള  ഇൻഷുറൻസ്‌ ചെയ‌്തതിനാൽ ആനുകൂല്യം കിട്ടണമെന്ന‌് കർഷകസമിതി ആവശ്യപ്പെട്ടു. ഇൻഷുറൻസ്‌ അനുവദിച്ചെങ്കിലും  വ്യക്തികളുടെ അക്കൗണ്ടിലൂടെയേ ഇൻഷുറൻസ‌്  വിതരണം ചെയ്യൂ. സ്ഥലമുടമകളെ അറിയാത്ത സാഹചര്യത്തിൽ ഈ ആനുകൂല്യം കർഷകർക്ക്‌ നഷ്ടമാകും. ഇതോടെയാണ്‌ പാടശേഖര സമിതിയ്‌ക്കുണ്ടായ നഷ‌്ടം നികത്താൻ വിള ഇൻഷുറൻസ‌് അനുവദിക്കണമെന്നാവശ്യപ്പെട്ട‌് സർക്കാരിന്‌ നിവേദനം നൽകിയത്‌.
പാടം നിൽക്കുന്ന മണ്ഡലങ്ങളിലെ എംഎൽഎമാരായ മന്ത്രി ടിപി രാമകൃഷ‌്ണൻ, കെ ദാസൻ എന്നിവർ കൃഷി മന്ത്രി സുനിൽകുമാറുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. വെളിയണ്ണൂർ ചല്ലിയിൽ കൃഷിയിറക്കാൻ  പാടശേഖരസമിതികൾക്ക‌് ഊർജം നൽകുന്നതാണ്‌ ഉത്തരവെന്ന്‌ കോർഡിനേറ്റർ സി  അശ്വനിദേവ‌് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top