16 September Monday

പാചകവാതകം കൃത്യമല്ലെങ്കിൽ പിടിവീഴും

സ്വന്തം ലേഖികUpdated: Tuesday Aug 6, 2019
കോഴിക്കോട്‌ 
ബില്ലുകളിൽ കൃത്രിമം കാണിക്കുന്ന ഗ്യാസ്‌ ഏജൻസികളും അമിതതുക ഈടാക്കുന്നവരും ഇനി പേടിക്കണം. പാചകവാതക വിതരണം കാര്യക്ഷമമല്ലെങ്കിൽ പിടിവീഴും. ഏജൻസികളുടെ ലൈസൻസ്‌ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്കാണ്‌ ജില്ലാ ഭരണനേതൃത്വം നീങ്ങുന്നത്‌. 
പാചകവാതകം വിതരണം ചെയ്യുന്നവർ അമിതചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ്‌ നടപടി. ഡെപ്യൂട്ടി കലക്ടർ സി ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന പാചകവാതക അദാലത്തിൽ 10 പരാതികളിൽ തീർപ്പായി.
പാചകവാതക സിലിണ്ടർ കൃത്യമായി വിതരണം ചെയ്യാതിരിക്കുക, അമിത ചാർജ് ഈടാക്കുക, വീടുകളിൽ എത്തിച്ചുകൊടുക്കാതിരിക്കുക, അനുവാദമില്ലാതെ ഏജൻസി മാറ്റുക തുടങ്ങി നിരവധി പരാതികളാണ് ഉപഭോക്താക്കൾ നൽകിയത്‌.  പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം സൗജന്യ പാചകവാതക കണക്‌ഷന് അപേക്ഷിച്ചിട്ടും ലഭിക്കാത്ത രണ്ടുപേർക്ക്‌ രണ്ടാഴ്‌ചക്കകം കണക്‌ഷൻ നൽകാൻ  നിർദേശം നൽകി.
സുരക്ഷാ പ്രവർത്തനങ്ങളിലും ഏജൻസികൾ പങ്കാളികളാകാൻ നിർദേശമുണ്ട്‌. രണ്ട് വർഷം കൂടുമ്പോൾ വീടുകളിൽ പരിശോധന നടത്തണം. ജനങ്ങൾക്കിടയിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കണം. പാചകവാതക കമ്പനികളുടെ പോർട്ടലുകളിൽ ക്വിക്ക് പെയ്‌മെന്റ് സംവിധാനത്തിലൂടെ ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് തുക അടയ്‌ക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണം.  വിതരണത്തിൽ ക്രമക്കേട്‌ കണ്ടെത്തിയാൽ കലക്ടർക്കോ ജില്ലാ സപ്ലൈ ഓഫീസർക്കോ പരാതി നൽകണമെന്നും നിർദേശിച്ചു. 
താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ  ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി, താലൂക്ക് സപ്ലൈ ഓഫീസർമാരായ പി പ്രമോദ്, ടി സി സജീവൻ, എം കെ ശ്രീജ, വി പി രാജീവൻ, എസ് വിപിൻലാൽ, സിറ്റി റേഷനിങ്‌ ഓഫീസർ (നോർത്ത്) ടി കെ രാജൻ, സന്ദീപ്‌ പുറ്റാട്ടിൽ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top