19 September Thursday

സംസ്ഥാന അവാർഡുകൾ എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
വടകര
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം ഏർപ്പെടുത്തിയ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള സംസ്ഥാന അവാർഡുകൾ വില്ല്യാപ്പള്ളി എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ പുരസ്‌കാരം. തൃശൂരിൽ എൻഎസ്എസ് വാർഷികസമ്മേളനത്തിൽ മന്ത്രി സി രവീന്ദ്രനാഥിൽനിന്ന് മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം മാനേജർ ടി കെ അബ്ദുൽഅസീസും  മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം വി പി ഉബൈദും ഏറ്റുവാങ്ങി. 
സ്‌കൂളിലെ എൻഎസ്എസ്‌ യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമം പദ്ധതിയിൽ ആരോഗ്യ, പരിസ്ഥിതി, ജലപരിപാലന, കാർഷിക, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തി. ഇതിനുപുറമെ രണ്ട്‌ നിർധന കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ചെലവിട്ട്  ‘സ്നേഹവീടുകൾ’ നിർമിച്ചു. കിണറുകൾ, ‘കോഴികളും കോഴിക്കൂടും’ പദ്ധതി, അങ്കണവാടി ശിശു സൗഹൃദ പെയിന്റിങ്‌, ഭിന്നശേഷി യുവതികൾക്ക് ഹൈസ്പീഡ് തയ്യൽ മെഷീൻ വിതരണം,  പ്രളയകാലത്ത് വയനാട്ടിലെ  ആദിവാസി കോളനികളിൽ 2.25  ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവയും എൻഎസ്‌എസ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ചു.  
440 വീടുകളിലെ കിണറുകളിലെ കുടിവെള്ളം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതും പങ്കാളിത്ത ഗ്രാമത്തിൽവച്ച് കോഴിക്കോട് ട്രോമാ കെയർ സൊസൈറ്റി സഹായത്തോടെ ട്രോമാകെയർ പരിശീലനം സംഘടിപ്പിച്ചതും തൊഴിൽ പരിശീലനങ്ങൾ നൽകിയതും വിവിധ സ്ഥലങ്ങളിൽ മെഗാ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചതും മികച്ച നേട്ടങ്ങളാണ്.
പ്രധാന വാർത്തകൾ
 Top