05 August Wednesday
കെ സി അബു കെപിസിസി വക്താവ്‌

യു രാജീവനെ ഡിസിസി പ്രസിഡന്റാക്കിയേക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
കോഴിക്കോട്‌
എ ഗ്രൂപ്പിലെ ഭിന്നത മറികടന്ന്‌ യു രാജീവനെത്തന്നെ ഡിഡിസി പ്രസിഡന്റാക്കിയേക്കും. ജില്ലാ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തിനായി വാശിപിടിച്ച മുൻ അധ്യക്ഷൻ കെ സി അബു\വിനെ കെപിസിസി വക്താവ്‌ സ്ഥാനം നൽകി തൃപ്‌തിപ്പെടുത്താനാണ്‌ നീക്കം. ഇക്കാര്യത്തിൽ ധാരണയായതായി മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ സൂചിപ്പിച്ചു. അതേസമയം, ധാരണയെക്കുറിച്ച്‌‌ അറിയില്ലെന്ന്‌ ഒരുവിഭാഗം നേതാക്കൾ പ്രതികരിച്ചു. മുൻ പ്രസിഡന്റ്‌ ടി സിദ്ദിഖിന്റെ ഡമ്മിയാണ്‌ രാജീവനെന്നും‌ പരക്കെ ആക്ഷേപമുണ്ട്‌. 
ആറുമാസത്തിലധികമായി ജില്ലയിൽ കോൺഗ്രസിന്‌ നാഥനില്ല. ഡിസിസി പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ കെപിസിസി വൈസ്‌പ്രസിഡന്റായതോടെയാണ്‌ പകരക്കാരനില്ലാതായത്‌. യു രാജീവനെ നിയോഗിക്കാൻ സിദ്ദിഖ്‌ ശ്രമമാരംഭിച്ചിരുന്നു. എന്നാൽ എ ഗ്രൂപ്പിലെ പ്രമുഖർ പ്രതിഷേധവുമായെത്തി. ഗ്രൂപ്പ്‌ വികാരം മാനിക്കാതെ സിദ്ദിഖ്‌ ഏകപക്ഷീയമായി നീങ്ങുന്നു എന്നായിരുന്നു പരാതി. ഇവർ നെഹ്‌റു വിചാർവേദി പുനഃസംഘടിപ്പിച്ച്‌ പരസ്യ എതിർപ്പും പ്രകടിപ്പിച്ചു. തുടർന്ന്‌ അബുവടക്കമുള്ള നേതാക്കളെ  അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നേരിട്ടെത്തി. സിദ്ദിഖും അബുവുമായി ചർച്ചനടത്തി. ഇതുപ്രകാരമാണിപ്പോഴത്തെ ധാരണ. ‌കെപിസിസി സെക്രട്ടറിമാരുടെ പട്ടികക്കൊപ്പം കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ്‌ വിവരം.
അതേസമയം കെപിസിസി പുനഃസംഘടനയിൽ തഴയപ്പെട്ട അഡ്വ. പി എം സുരേഷ്‌ബാബു അടക്കമുള്ളവരെ എ ഗ്രൂപ്പ്‌ ഇപ്പോഴും പരിഗണിച്ചിട്ടില്ല. അബു സ്ഥാനമുറപ്പാക്കി മറ്റുള്ളവരെ ബലിയാടാക്കിയെന്ന്‌ ഇവർ പറയുന്നു. എ ഗ്രൂപ്പിലെ തമ്മിലടി കാരണം ഡിസിസിക്ക്‌ നേതൃത്വമില്ലാതായതിൽ ഐ വിഭാഗവും പ്രതിഷേധത്തിലാണ്‌. അസംതൃപ്‌തർക്ക്‌ ഐയുടെ  പിന്തുണയുമുണ്ട്‌. സിദ്ദിഖ്‌ ഡിസിസി പ്രസിഡന്റ്‌ പദം വിടാതെ കെപിസിസി പദവിയുമായി ജില്ലയെ അടക്കിഭരിക്കയാണെന്ന അഭിപ്രായവും ഐ ഗ്രൂപ്പിനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top