24 January Friday

കുട്ടികളുടെ ഹെൽമെറ്റില്ല ഹെൽമെറ്റ്‌ വിപണി കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

 

കോഴിക്കോട്‌
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ്‌ യാത്രികർക്കുകൂടി ഹെൽമെറ്റ്‌ നിർബന്ധമാക്കിയതോടെ വിപണിയിൽ വൻ തിരക്ക്‌. നഗരത്തിലെ പല ഷോപ്പുകളിലും വിൽപ്പന മൂന്നിരട്ടിയായി ഉയർന്നു. അതേസമയം കുട്ടികളുടെ ഹെൽമെറ്റിന്റെ ലഭ്യതയിൽ കുറവുണ്ട്‌. 
650 രൂപ മുതൽ 5000 രൂപ വരെയാണ്‌ ഹെൽമെറ്റിന്‌ വില. നേരത്തെ ദിവസം അഞ്ച്‌ മുതൽ 10 എണ്ണം  വരെയാണ്‌ വിറ്റിരുന്നത്‌. ഇപ്പോഴിത്‌  30 വരെയായി ഉയർന്നു.  ആവശ്യം പരിഗണിച്ച്‌ കൂടുതൽ ഹെൽമെറ്റുകൾ ശേഖരിക്കുന്ന തിരക്കിലാണ്‌ ഷോപ്പുകൾ. 
കുട്ടികളുടെ ഹെൽമെറ്റുകൾ വേണ്ടത്ര ഇല്ലാത്തതാണ്‌ പ്രധാന പ്രശ്‌നം. ഇതിന്‌ കാര്യമായ വിൽപ്പന ഇല്ലാത്തതിനാൽ കമ്പനികൾ കൂടുതൽ നിർമിച്ചിരുന്നില്ല. ആവശ്യം കൂടിയതോടെ  ശേഖരണത്തിലുണ്ടായിരുന്നതെല്ലാം  തീർന്നു. വെഗ എന്ന ബ്രാൻഡിന്റെ 998 രൂപയുടെ ഹെൽമെറ്റ്‌ മാത്രമാണ്‌ ലഭ്യം. വിലകുറഞ്ഞവയൊക്കെ  തീർന്നു. വെള്ളിയാഴ്‌ചയോടെ കുട്ടികൾക്കുള്ള ഹെൽമെറ്റുകൾ എത്തുമെന്ന്‌ ലിങ്ക്‌ റോഡിലെ കലിക്കറ്റ്‌ പിറ്റ്‌ സ്‌റ്റോപ്പ്‌ കടയിലെ ഇസ്‌ഹാൻ പറയുന്നു. 
വിലകൂടിയ ഹെൽമെറ്റുകൾക്ക്‌ നല്ല വായുസഞ്ചാരവും  സുരക്ഷിതത്വവും ഉണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്റർ ദൂരത്തിൽ പോകുമ്പോഴുണ്ടാകുന്ന    വീഴ്‌ചയിൽനിന്ന്‌ സംരക്ഷിക്കാൻ പാകത്തിലുള്ള ഹെൽമെറ്റാണിത്‌. 1000 മുതൽ 1200 രൂപ വരെ വിലയുള്ള ഹെൽമെറ്റിനാണ്‌ കൂടുതൽ ആവശ്യക്കാരുള്ളത്‌. 
പ്രധാന വാർത്തകൾ
 Top