15 May Saturday

കടലോളം ഉയർന്ന്‌ സൗത്തിന്റെ ‘ആഹ്ലാദം’

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
കോഴിക്കോട്‌
ചിരി മായാത്ത മുഖവുമായി വിജയത്തിന്റെ കോവിലിലാണ്‌ അഹമ്മദ്‌ ദേവർ കോവിൽ. നഗരഹൃദയമായ സൗത്ത്‌ മണ്ഡലത്തെ ലീഗിന്റെ കൈയിൽനിന്ന്‌ പിടിച്ചെടുത്തു. അതും സമീപകാലത്തെ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ. കോവിഡ്‌ പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളില്ലെങ്കിലും വിജയാരവങ്ങൾക്കിടയിലാണ്‌ അഹമ്മദ്‌ ദേവർ കോവിൽ. ഫലം വന്ന ഞായറാഴ്‌ച രാത്രി വൈകിയും  വിജയാശംസ നേരുന്നവർ, നേരിട്ട്‌ കാണാനെത്തുന്നവർ, ഫോണിൽ വിളിയായും സന്ദേശമായും ആശംസകൾ, മധുരപലഹാര വിതരണം...ഇരട്ടി മധുരമുള്ള വിജയത്തിന്റെ ആഹ്ലാദം തിങ്കളാഴ്‌ചയും നിലക്കുന്നില്ല. 
 ‘സൗത്ത്‌ മണ്ഡലം ഇടതുപക്ഷത്തിന്റെ കൂടെ നിന്നു. പ്രചാരണത്തിന്റെ ആദ്യംമുതൽ തന്നെ ജനങ്ങളുടെ പിന്തുണ കിട്ടിയിരുന്നു. ഇത്രയും നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചവരോട്‌ ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുന്നു. ആശംസ അറിയിച്ച്‌ ഒരു പാട്‌ പേർ വിളിക്കുന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ  പാലിച്ച്‌ പറ്റാവുന്ന ആളുകളെ പോയി കാണുന്നുമുണ്ട്‌’ അഹമ്മദ്‌ ദേവർ കോവിൽ പറയുന്നു. 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫിന്റെ വിജയം. 2011ലും 2016 ലും ലീഗിന്റെ ഡോ. എം കെ മുനീർ കൈയടക്കിയിരുന്ന മണ്ഡലമാണിത്‌.  25 വർഷങ്ങൾക്കുശേഷം മുസ്ലിംലീഗ്‌ വനിതാ സ്ഥാനാർഥിയെ നിർത്തി മത്സരിച്ച മണ്ഡലമാണിത്‌. എന്നാൽ  അഡ്വ. നൂർബിന റഷീദിന്‌ കഴിഞ്ഞ തവണ ലീഗിന്‌ കിട്ടിയ വോട്ടിനെക്കാൾ 10,000 ത്തിനടുത്ത്‌ കുറവുണ്ട്‌. പ്രാദേശികമായി  സ്ഥാനാർഥി നിർണയത്തിലടക്കം പാർടി പ്രവർത്തകരിൽനിന്നുണ്ടായ  വലിയ പ്രതിഷേധവും നൂർബിനയുടെ ചോർന്ന വോട്ടുകളിൽ പ്രകടമാണ്‌. 
ജില്ലയിലെ മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസനത്തിൽ ഏറ്റവും പിറകിലായിരുന്നു സൗത്ത്‌.  പ്രാദേശിക റോഡുകളുടെയടക്കം ശോച്യാവസ്ഥകളിൽ ജനങ്ങൾക്കുള്ള പ്രതിഷേധവും അഹമ്മദ്‌ ദേവർകോവിലിന്റെ ഭൂരിപക്ഷം ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top