26 May Tuesday

760 ഭവനം പൂർത്തീകരിച്ചു കോഴിക്കോട‌് കോർപറേഷൻ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കോഴിക്കോട‌്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത‌് മികച്ച രീതിയിൽ പദ്ധതി പ്രവർത്തനം നടത്തിയ  കോഴിക്കോട‌് കോർപറേഷൻ മുന്നിൽ. 90.21 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ചാണ‌് ഒന്നാമതെത്തിയത‌്. മുൻവർഷം ഇത‌് 81.32 ശതമാനമായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ പ്രളയം, ട്രഷറി നിയന്ത്രണങ്ങൾ,  സാമ്പത്തിക വർഷം അവസാനമുണ്ടായ കോവിഡ‌് ലോക്ക‌്ഡൗൺ എന്നീ സാഹചര്യങ്ങൾക്കിടയിൽനിന്നാണ‌് ഈ പ്രവർത്തന മികവ‌് സ്വന്തമാക്കിയത‌്. 79.01 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ച‌് കണ്ണൂർ കോർപറേഷൻ രണ്ടാം സ്ഥാനത്തെത്തി. 
   പൊതു വിഭാഗത്തിൽ ലഭിച്ച 51.2 കോടി രൂപയിൽ 51.15 കോടിയും എസ‌്സിപി  വിഭാഗത്തിൽ 9.88 കോടിയിൽ 6.06 കോടിയും ഫിനാൻസ‌് കമീഷൻ ഗ്രാന്റ‌് ഇനത്തിൽ ലഭിച്ച 68.5 കോടി രൂപയിൽ 60.9 കോടിയും റോഡ‌് അറ്റകുറ്റപ്പണി ഗ്രാന്റിനത്തിൽ ലഭിച്ച 26.22 കോടിയിൽ നൂറ‌് ശതമാനവും ചെലവഴിച്ചു. അറ്റകുറ്റപ്പണി വിഭാഗത്തിൽ(നോൺ റോഡ‌്) 14.43ൽ 10.89 കോടി ചെലവഴിച്ചു. 
   പശ‌്ചാത്തല മേഖലയിലാണ‌് കോർപറേഷൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത‌്. എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കി. ഭവനമേഖലയിൽ 12 കോടി രൂപ ചെലവിട്ട‌് 760 വീടുകൾ പൂർത്തിയാക്കി. അങ്കണവാടികൾക്ക‌് നാല‌് കോടി, വ്യക്തിഗത ആനുകൂല്യങ്ങൾക്ക‌് 12 കോടി, വിദ്യാഭ്യാസത്തിന്‌ എട്ട‌് കോടി, ആരോഗ്യത്തിന്‌ 3.5 കോടി രൂപയുമാണ‌് ചെലവിട്ടത‌്. 
   കഴിഞ്ഞ പ്രളയകാലത്ത‌് ഏറ്റവും കൂടുതൽ പേരെ പുനരധിവസിപ്പിച്ചത‌് കോഴിക്കോട‌് കോർപറേഷനാണ‌്. 24,000 പേരെയാണ‌് 64 ക്യാമ്പുകളിലേക്ക‌് മാറ്റിയത‌്. ഒരു മാസം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നു കോർപറേഷൻ. 
ഇതോടൊപ്പം ട്രഷറി നിയന്ത്രണമുണ്ടായതും  പ്രതിസന്ധിയിലാക്കി. എന്നാൽ  ഇതെല്ലാം അതിജീവിച്ചാണ‌് കോഴിക്കോട‌് കോർപറേഷൻ ചരിത്രനേട്ടം സ്വന്തമാക്കിയത‌്.

 

പ്രധാന വാർത്തകൾ
 Top