06 December Friday

നിജുലയ്‌ക്ക്‌ ജോലി നൽകും: സത്യഗ്രഹം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കുറ്റ്യാടി
കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്മെന്റിന്റെ വഞ്ചനയ്‌ക്കെതിരെ  എം ആർ നിജുലയും കുടുംബവും 86 ദിവസമായി നടത്തുന്ന സത്യഗ്രഹസമരം പിൻവലിച്ചു. ഒഴിവുവരുന്ന ഹിന്ദി അധ്യാപകതസ്തികയിൽ നിജുലയ്ക്ക്‌ നിയമനം നൽകുമെന്ന്  സിപിഐ എമ്മുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പു നൽകിയതോടെയാണ്‌ സമരം അവസാനിപ്പിച്ചത്‌. സമരത്തിന് സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 
ദീർഘകാലമായി  ദിവസ വേതനത്തിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്ന നിജുലയ്ക്ക്  ഒഴിവുവരുന്ന സ്ലീപ്പർ തസ്തികയിൽ നിയമനം നൽകാമെന്ന് പറഞ്ഞ് മാനേജ്‌മെന്റ്‌ പണം വാങ്ങിയിരുന്നു.  എന്നാൽ, ഒഴിവുവന്ന തസ്തികയിൽ  മറ്റൊരാളെ നിയമിച്ചു. ഇതിനെതിരെ നിജുലയും ഭർത്താവും മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ അമ്പലകുളങ്ങര കുനിയിൽ അനിലും അമ്മ  നാരായണിയും  മക്കളായ അനൂജും നവതേജും കഴിഞ്ഞ ആഗസ്ത് ഏഴു മുതൽ സ്‌കൂളിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചു. സമരം ഒത്തുതീർപ്പാക്കണമെന്നാശ്യപ്പെട്ട് എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റി   മാർച്ച് നടത്തിയിരുന്നു. 
കഴിഞ്ഞദിവസം സിപിഐ എം മൊകേരി, കുന്നുൽ ലോക്കൽ കമ്മിറ്റികൾ  സംയുക്ത യോഗം ചേർന്ന്‌,  പാർടിയും വർഗ ബഹുജന സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.  ഇതേ തുടർന്നാണ്‌ മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറായത്. സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, മൊകേരി ലോക്കൽ സെക്രട്ടറി എം പി ചന്ദ്രൻ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി വിജിലേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശശീന്ദ്രൻ,  പിടിഎ പ്രസിഡന്റ് കെ പ്രസീത്, ടി പി നാണു,  മാനേജർ വി എം ചന്ദ്രൻ,  അരയില്ലത്ത് രവി, കെ പി രാജൻ, സുരേഷ്, പ്രധാനാധ്യാപകൻ ശശിധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 
  തുടർന്ന്‌ വട്ടോളിയിൽ  സിപിഐ എം സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top