06 December Friday

ആഗ്രഹം നിറവേറി; ശിവദാസൻ ഇനി വൈദ്യവിദ്യാർഥികളുടെ പാഠപുസ്‌തകം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കുന്നമംഗലം
മരണാനന്തരം ശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈദ്യ വിദ്യാർഥികൾക്ക് പഠിക്കാൻ വിട്ടുനൽകണമെന്നും കണ്ണുകൾ ദാനം ചെയ്യണമെന്നുമായിരുന്നു പെരുമണ്ണ വള്ളിക്കുന്ന്‌ പറമ്പിൽ ശിവദാസന്റെ (64) ആഗ്രഹം. നന്മവറ്റാത്ത ആ മനുഷ്യന്റെ ആഗ്രഹം നിറവേറ്റാൻ സിപിഐ എം മുൻകൈയെടുത്തു. ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഏകമനസ്സോടെ പിന്തുണച്ചതോടെ ശിവദാസന്റെ മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ അനാട്ടമി വിഭാഗം മേധാവി ഡോ. ജയശ്രീ  ഏറ്റുവാങ്ങി.
കരൾ സംബന്ധമായ അസുഖത്തിന്‌ സഹകരണ ആശുപത്രിയിൽ ചികിത്സതേടി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥിനോട് ശിവദാസൻ മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന്‌ നൽകുന്ന കാര്യം സൂചിപ്പിച്ചത്. പന്തീരാങ്കാവിലെ തിരുത്തിമ്മൽ താഴത്ത് കൈരളി വുഡ് ഇൻഡസ്ട്രീസ് നടത്തിവരികയായിരുന്നു ഇദ്ദേഹം. 
ശനിയാഴ്ച രാത്രി മരിച്ച ശിവദാസന്റെ കണ്ണുകൾ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് ദാനം ചെയ്തു. തുടർന്ന് ഞായറാഴ്ച രണ്ടിന് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ്‌ മൃതദേഹം കൈമാറിയത്‌. മൃതദേഹം ഏറ്റെടുത്തെന്ന സർട്ടിഫിക്കറ്റ് ഡോ. ജയശ്രീ ബന്ധുക്കൾക്ക് കൈമാറി. ചടങ്ങിൽ മക്കളായ ശികേഷ്‌, ശിമേഷ്‌, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ്, ഏരിയാ കമ്മിറ്റി അംഗം കെ അബിജേഷ്, ഇ കെ സുബ്രഹ്മണ്യൻ, സഹോദരന്മാരായ പുത്തൂർമഠം ലോക്കൽ സെക്രട്ടറി വി പി രവീന്ദ്രൻ,  ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി പി സുരേന്ദ്രൻ, വി പി ഷാജ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top