11 August Tuesday

ലഘു നിക്ഷേപം പോസ്റ്റ് ഓഫീസുകൾക്ക് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
മുക്കം
മഹിളാ പ്രധാൻ ഏജന്റുമാർ വഴിയുള്ള ലഘു നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസുകൾക്ക് കീഴിലാക്കാൻ കേന്ദ്ര ധനമന്ത്രാലയം നടപടി തുടങ്ങിയതോടെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ ആശങ്കയിൽ. സംസ്ഥാനത്തെ 10,000ത്തോളം ഏജന്റുമാരെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ  നീക്കം.
ദേശീയ സമ്പാദ്യ പദ്ധതി വഴിയുള്ള ലഘു നിക്ഷേപ സമാഹരണം ഏറ്റെടുത്താലുള്ള നേട്ടവും കോട്ടവും 10ന് മുമ്പ്‌ വിശദമാക്കാൻ കേന്ദ്ര ധനമന്ത്രാലയം തപാൽ വകുപ്പിന്‌ നിർദേശം നൽകിയിട്ടുണ്ട്‌. നിലവിൽ നിക്ഷേപങ്ങളുടെ കമീഷൻ തുകയായി നാല് ശതമാനവും മറ്റു സേവനങ്ങളുടെ അധിക ആനുകൂല്യമായി സംസ്ഥാന സർക്കാർ നൽകുന്ന അഞ്ചേകാൽ ശതമാനവുമാണ് ഏജന്റുമാർക്ക് ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന് കീഴിൽ ദേശീയ സമ്പാദ്യവകുപ്പും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഏജന്റുമാർ പോസ്റ്റോഫീസുകൾക്ക്  കീഴിലാക്കുന്നതോടെ സംസ്ഥാനം നൽകുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും.  ലഘു നിക്ഷേപ പദ്ധതി പരിഷ്‌കാരങ്ങൾക്കായി നിയോഗിച്ച ശ്യാമള ഗോപിനാഥൻ കമ്മിറ്റി ഏജന്റുമാരെ പോസ്റ്റോഫീസുകൾക്ക് കീഴിലാക്കണമെന്നും സേവിങ്‌സ് ബാങ്ക് എന്ന പ്രത്യേക കമ്പനി രൂപവൽക്കരിക്കണമെന്നും കേന്ദ്ര ധനമന്ത്രാലയത്തോട് നിർദേശിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് നടപ്പാക്കൽ മരവിപ്പിക്കുകയായിരുന്നു. 
ഏജന്റുമാരെ നിയമിക്കുന്നതും ക്ഷേമപദ്ധതികൾ, ചികിത്സാ ആനുകൂല്യങ്ങൾ  എന്നിവ നൽകുന്നതും സംസ്ഥാന സർക്കാരാണ്. 70 വയസ്സുവരെ  ആനുകൂല്യത്തോടെ ജോലി ചെയ്യാൻ അവസരമുണ്ട്. അതുകഴിഞ്ഞാൽ കമീഷൻ വ്യവസ്ഥയിലും. പോസ്റ്റോഫീസിന്‌ കീഴിലാക്കുന്നതോടെ മാനദണ്ഡമനുസരിച്ച് ഏജന്റുമാർ 60 വയസ്സിൽ വിരമിക്കേണ്ടി വരും. 40 ശതമാനം ഏജന്റുമാർക്ക് ജോലി നഷ്ടപ്പെടും. 
2012നുശേഷം പുതിയ ഏജന്റുമാരെ നിയമിച്ചിട്ടില്ല. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ ഏജന്റുമാർ പ്രക്ഷോഭത്തിലാണ്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top