13 July Monday

മലയോര ഹൈവേ: തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി ആരംഭിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

 മുക്കം

മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തി കോടഞ്ചേരി ടൗണിൽ കുറ്റിനാട്ടി ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനംചെയ്തു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെ 34.3 കിലോമീറ്റർ ദൂരമുള്ള ആദ്യ റീച്ച്‌ ആണ് പ്രവൃത്തി തുടങ്ങുന്നത്. 154.94 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹൈവേയുടെ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തത്.
കോടഞ്ചേരിമുതൽ പുലിക്കയംവരെയുള്ള പ്രദേശത്തെ കുറ്റിനാട്ടലാണ് തിങ്കളാഴ്ച നടന്നത്. ചൊവ്വാഴ്ച പുലിക്കയം മുതൽ ഇലന്തുകടവ് വരെ ഈ പ്രവർത്തനം നടക്കും. ഇലന്തുകടവ് മുതൽ മഞ്ഞപ്പൊയിൽ വരെ മൂന്നിനും നാലിനും മഞ്ഞപ്പൊയിൽ മുതൽ കരിങ്കുറ്റി ബൈപാസ് വരെ അഞ്ചിനും കുറ്റിനാട്ട്‌ നടത്തും. 
കക്കാടംപൊയിൽ മുതൽ കൂമ്പാറവരെ രണ്ട്, മൂന്ന്, നാല് തീയതികളിലും കൂമ്പാറ മുതൽ കൽപ്പിനിവരെ അഞ്ച്, ആറ് തീയതികളിലും കുറ്റിനാട്ട്‌ നടത്തും. കോടഞ്ചേരിയിലെ കുറ്റിനാട്ട്‌ ചടങ്ങിൽ പഞ്ചായത്തംഗം കെ പി ചാക്കോച്ചൻ, ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആന്റണി, ഷിബു പുതിയേടത്ത്, ടി ജെ ടെന്നിസൺ, യുഎൽസിസി ഡയറക്ടർ പ്രകാശൻ, എ ഇ ആദർശ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top