02 June Tuesday

‘നിപാ’യിൽ കുരുത്ത്‌ കൊറോണയിൽ വാടാതെ

എം ജഷീനUpdated: Thursday Apr 2, 2020

മെഡിക്കൽകോളേജ്‌ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ ക്ലീനിങ്‌ സ്‌റ്റാഫ്‌

കോഴിക്കോട്‌
കോവിഡ്‌ രോഗികളുള്ള ഐസൊലേഷൻ വാർഡ്‌ വൃത്തിയാക്കുമ്പോഴും മാലിന്യങ്ങൾ നീക്കുമ്പോഴും കുമാരി ദീപയ്‌ക്കും രജീഷിനും കവിതയ്‌ക്കുമൊന്നും വലിയ പേടി തോന്നാറില്ല. പിപിഇ കിറ്റ്‌ അണിയുന്നത്‌ മാത്രമല്ല, ഇവരുടെ ധൈര്യം. കോവിഡിനേക്കാൾ  കൊലയാളി വൈറസായ നിപായുടെ കാലത്തും സേവനത്തിൽ  സജീവമായതിന്റെ ആത്മവിശ്വാസമാണ്‌ ഇവരുടെ കൈമുതൽ. ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി പരിസരത്തേക്ക്‌ അടുക്കാൻ ആളുകൾ ഭയന്ന  സമയത്ത്‌ ശുചീകരണം മുതൽ മൃതദേഹം പൊതിയാൻവരെ കൂടിയവരാണിവർ. കൊറോണ കാലത്തും അവർ  ഐസൊലേഷൻ വാർഡിൽ  സേവനത്തിലുണ്ട്‌. 
ദിവസ വേതനാടിസ്ഥാനത്തിൽ ഗവ. മെഡിക്കൽ കോളേജിൽ ശുചീകരണ തൊഴിലെടുക്കുന്ന 23 പേരാണ്‌ വീട്ടിൽപോലും പോകാതെ ജീവൻ പണയംവച്ച്‌ ജോലിചെയ്യുന്നത്‌. കോവിഡ്‌ രോഗികളുള്ള വാർഡുകളിൽ പിപിഇ കിറ്റ്‌ ഇട്ട്‌ ആറുമണിക്കൂർ  ഇടവിട്ട്‌ രാപകലില്ലാതെ ഇവരുണ്ട്‌. രോഗികളുടെ മാസ്‌ക്‌, വസ്‌ത്രങ്ങൾ, ഡോക്ടർമാരും നേഴ്‌സുമാരും ഉപയോഗിച്ച്‌ കഴിഞ്ഞ പിപിഇ കിറ്റ്‌ എന്നിവ അണുവിമുക്തമാക്കി കവറുകളിൽ കെട്ടി പൊതിഞ്ഞ്‌ സംസ്‌കരിക്കാനായി ഉന്തുവണ്ടിയിൽ  കൊണ്ടുപോകും. ഇടയ്‌ക്കിടെ വാർഡ്‌ മുഴുവൻ അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കും. വാർഡിൽ ഭക്ഷണ വിതരണം നടത്തും. പിപിഇ കിറ്റിന്റെ ചൂട്‌ സഹിച്ചാണ്‌ ഇതെല്ലാം. പകർച്ചാ സാധ്യത കൂടുതലായതിനാൽ ഒമ്പതുദിവസം തുടർച്ചയായി ജോലി ചെയ്‌താൽ 14 ദിവസം ഇവർ നിരീക്ഷണത്തിൽ കഴിയണം. വീട്ടിൽ ഒരു മുറിയിൽ താമസിക്കാൻ സൗകര്യമില്ലാത്തവർ മക്കളെപ്പോലും കാണാനാവാതെ ആശുപത്രിക്കടുത്തുള്ള മുറിയിൽ തുടരുകയാണ്‌. 
നിപാ എന്തെന്നറിയാത്ത കാലത്ത്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമാവുകയും പിന്നീട്‌ ചെറിയ പേടിയോടെ തുടരുകയുമായിരുന്നുവെന്ന്‌ ശുചീകരണ തൊഴിലാളിയായ കൂളിമാട്‌ സ്വദേശി ഇ പി രജീഷ്‌ പറയുന്നു. എന്നാൽ  നിപാ കഴിഞ്ഞതോടെ    ആത്മവിശ്വാസം വന്നു. രോഗം പേടിച്ച്‌ ഞങ്ങൾക്ക്‌ വേണമെങ്കിൽ ഇതൊഴിവാക്കി വേറെ ജോലി നോക്കാം. മന്ത്രി കെ കെ ശൈലജയോടുള്ള നന്ദിക്കും സ്‌നേഹത്തിനുമൊപ്പം ഇത്‌ മാറി നിൽക്കേണ്ട സമയമല്ലെന്നുള്ള ബോധ്യത്തിലുമാണ്‌   ഇവിടെ  നിൽക്കുന്നത്‌. ഏത്‌ രോഗകാലത്തും ഞങ്ങളുണ്ടാവുമെന്നും രജീഷ്‌. നിപാ വാർഡുകളിലേക്ക്‌ പ്രത്യേകമായി 40 പേരെയായിരുന്നു തെരഞ്ഞെടുത്തത്‌. ആ പരിചയമുള്ളതിനാലാണ്‌ കോവിഡ്‌ വാർഡുകളിലേക്കും ഇവരെ നിയോഗിച്ചത്‌. കുറച്ചുപേർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണിപ്പോൾ പ്രവർത്തിക്കുന്നത്‌
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top