14 August Friday

വി കെ സി യും സുമനസ്സുകളും കനിഞ്ഞു, റെയ്നിക്ക്‌ വീടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 ഫറോക്ക് 

 കുടുംബം പോറ്റാനും കുട്ടികളെ പഠിപ്പിക്കാനും അറബ് നാട്ടിൽ  അധ്വാനിക്കുന്നതിനിടെ  മരണമടഞ്ഞ കരുവൻതിരുത്തി താഴത്തിൽ പടന്നയിൽ ഹുസൈൻകോയ (മാട്ടുമ്മൽ ഹുസൈൻ )യുടെ കുടുംബത്തിന്‌ ഇനി  സമാധാനത്തോടെ  അന്തിയുറങ്ങാം. ഹുസൈന്റെ ഭാര്യ റെയ്നിക്കും   മൂന്നുമക്കൾക്കുമായി  നിർമിച്ചുനൽകിയത് ചാലിയാർ തീരത്ത് ഇരുനില വീട്‌.
  ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ്‌  മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ സിഫി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്ട് വെയർ ഇൻഡസ്ട്രി (സിഫി)യും  വി കെ സി  ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന   ഭവനപദ്ധതിയിലുൾപ്പെടുത്തിയാണ് നിർധന കുടുംബത്തിന് വീട് നൽകിയത്.  ഹുസൈൻ യുഎഇയിലെ അജ്മാനിൽ ഒരുവർഷം മുമ്പാണ് മരിച്ചത്.  കുടുംബം  ചോർന്നൊലിച്ച് നിലംപൊത്താറായ കുടിലിലായിരുന്നു താമസം. 
കുടുംബത്തിന്റെ ദൈന്യം കണ്ടറിഞ്ഞ് പ്രദേശത്തെ സിപിഐ എം പ്രവർത്തകരാണ് ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ്‌ മിഷൻ ചാരിറ്റബിൾ ട്രസ്റ്റിനെ സമീപിച്ചതും  വി കെ സി ട്രസ്റ്റിന്റെ സഹായം ലഭ്യമാക്കിയതും. ട്രസ്റ്റ് നൽകിയ അഞ്ച് ലക്ഷത്തിനൊപ്പം മറ്റുള്ളവരുടെ സഹായത്തോടെ 22 ലക്ഷം ചെലവിട്ടാണ്‌ വീടാണ് നിർമിച്ചത്‌.  
 ചൊവ്വാഴ്ച നടന്ന ചടങ്ങിൽ വി കെ സി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ വി കെ സി മമ്മത് കോയ എംഎൽഎ റെയ്നിക്ക്‌  വീടിന്റെ  താക്കോൽ ഏല്പിച്ചു. 
ഫറോക്ക് നഗരസഭാ ചെയർമാൻ  കെ കമറുലൈല അധ്യക്ഷയായി. കെ മൊയ്തീൻകോയ,  എം ഗിരീഷ്,  കെ സദാശിവൻ, കെ എം ഹമീദലി, വി കെ സി റസാക്ക്,  കെ ടി അബ്ദുൽ മജീദ്,  മാളിയേക്കൽ കോയമോൻ   എന്നിവർ സംസാരിച്ചു. സി എം അബൂസുഫ്‌യാൻ റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി സെക്രട്ടറി സി എം അബ്ദുൽ ലത്തീഫ് സ്വാഗതവും പി സാജിത് ലാലു നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top