കുറ്റ്യാടി
പൊലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് പണംതട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ രണ്ടുപ്രതികളെ കല്ലാച്ചി കോടതി റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം ഭാരവാഹി മരുതേരി പരപ്പൂര് മീത്തൽ നൗഫൽ (33), കായണ്ണ നരിനട ഒലിപ്പിൽ പൂളയുള്ള മണ്ണിൽ അബ്ദുല്ല (55) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് ഇവരെ കുറ്റ്യാടി പൊലീസ് പിടികൂടിയത്. ഇതിൽ അബ്ദുല്ല 1985-ൽ കാസർകോടുള്ള വീട്ടമ്മയെ കൊലചെയ്ത് കവർച്ച നടത്തിയ കേസിൽ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയതാണ്. ഇരുവരും കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ്.
കഴിഞ്ഞ 22നാണ് കുറ്റ്യാടിയിലെ ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ സെയിൽസ് ആൻഡ് എക്സിക്യൂട്ടീവ് ചങ്ങരംകുളം കുറ്റിയിൽ നാമത്തുകണ്ടി അനൂപിന്റെ കൈയിൽനിന്ന് 7,76,000 രൂപ പൊലീസ് ചമഞ്ഞ് തട്ടിയെടുത്തത്. പണം വടകര സിഡിഎമ്മിൽ നിക്ഷേപിക്കാൻ അനൂപ് ബൈക്കിൽ പോകുമ്പോഴാണ് പണം തട്ടിയെടുത്തത്. വേളം കാക്കുനിയിൽ ബൈക്ക് തടഞ്ഞുനിർത്തി പൊലീസാണെന്നു പറഞ്ഞ് വാഹന പരിശോധന നടത്തി പണമടങ്ങിയ ബാഗുമായി അനൂപിനെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും നാലംഗ സംഘത്തിലെ ഒരാൾ ബൈക്കുമായി കാറിനെ പിന്തുടരുകയും ചെയ്തു. അനൂപിനെ ചേരാപുരം പള്ളിമുക്കിൽ ഇറക്കിവിടുകയും പണമടങ്ങിയ ബാഗുമായി സംഘം കടന്നുകളയുകയുമായിരുന്നു.
തട്ടിപ്പുസംഘത്തിലെ സൂത്രധാരകനായ അബ്ദുല്ല കാർ വാടകക്കെടുത്ത് നമ്പർ പ്ലേറ്റ് മാറ്റി ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ചാണ് തട്ടിപ്പ് നടത്തിയത്. കാർ കുറ്റ്യാടിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. മറ്റു രണ്ട് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.കുറ്റ്യാടി സിഐ എൻ സുനിൽ കുമാർ, എസ്ഐ വി എം ജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരായ കെ വി അഷറഫ്, കെ കെ കുഞ്ഞമ്മദ് റിയാസ്, പ്രതീഷ്, അംഗജൻ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. തട്ടിയെടുത്ത പണം ഇവരിൽനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.