02 July Thursday

രണ്ടുപേർക്ക്‌ കൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
കോഴിക്കോട്‌
 ജില്ലയിൽ ഞായറാഴ്‌ച രണ്ട് പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേരുടെ രോഗം ഭേദമായി. കൊടുവള്ളി സ്വദേശിനിയായ 23കാരി, 36 വയസ്സുള്ള നാദാപുരം സ്വദേശി എന്നിവർക്കാണ്‌ അസുഖം സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം പോസിറ്റീവായ ഒരുവയസ്സുള്ള കുട്ടിയുടെ അമ്മയാണ്‌ കൊടുവള്ളി സ്വദേശിനി.
18ന് ഖത്തറിൽ നിന്ന്‌ നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30നാണ്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തിയത്‌.  27ന്‌‌ ദുബായിൽനിന്ന്‌ കണ്ണൂരിലെത്തിയ നാദാപുരം സ്വദേശി സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ വടകര കൊറോണ കെയർ സെന്ററിൽ എത്തി നിരീക്ഷണത്തിലായിരുന്നു. 29ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ പോസിറ്റീവ് ആവുകയും ചെയ്തു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്‌ ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു.
ജില്ലയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന 4 പേർക്കാണ്‌ രോഗവിമുക്തി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 3 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ഒരാളുമാണ് രോഗവിമുക്തരായത്. ഇപ്പോൾ 33 കോഴിക്കോട് സ്വദേശികളാണ്‌ ചികിത്സയിലുള്ളത്‌. ഇതിൽ 15 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 14 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ  ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേർ കണ്ണൂരിലും വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. 
ഞായറാഴ്‌ച 257 സ്രവ സാമ്പിൾ പരിശോധനക്കയച്ചു. ആകെ 4993 സ്രവ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചതിൽ 4683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 4600 നെഗറ്റീവ് ആണ്. 310 പേരുടെ പരിശോധനാ ഫലം  ലഭിക്കാനുണ്ട്‌.  
 
പ്രധാന വാർത്തകൾ
 Top