16 January Saturday

‘ഇതെന്റെ കടമയല്ലേ ’ സുനിതക്കിതും സിമ്പിൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കോട്ടയം
‘സാറെ ഇതെന്റെ കർത്തവ്യമല്ലേ, ഇതിൽ വാർത്താ പ്രാധാന്യമൊന്നും ഞാൻ കാണുന്നില്ല’– -വാക്കിലും പ്രവൃത്തിയിലും നന്മയുടെ വെളിച്ചമായ പാമ്പാടി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സുനിത ദീപു പ്രിയങ്കരിയാകുന്നതും ഇതേ നിലപാടുകൊണ്ടാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിൽ ആതുരസേവനം നടത്തിയ സുനിത ക്വാറന്റൈയിനിലായതറിഞ്ഞ്‌ വിളിച്ചപ്പോഴായിരുന്നു ഈ മറുപടി. 
വാർഡിലെ ഏത് ആവശ്യത്തിനും സഹായവുമായി എത്തുന്ന ആശ വർക്കറാണ്‌ സുനിത. എല്ലാ വീടുകളുമായും സൗഹൃദം. പള്ളിക്കുന്ന്‌ പ്രദേശത്ത്‌ എത്തിയപ്പോഴാണ്‌ ഒരു വീട്ടിലെ വയോധികൻ ഷുഗർ നിയന്ത്രണാതീതമായി കിടപ്പിലായതറിഞ്ഞത്‌. ഷുഗർ താഴ്ന്ന് പഞ്ചസാര ലായനിപോലും കുടിക്കാനാവാതെ വിഷമിച്ചപ്പോൾ സുനിത തന്നെ വായ്ക്കുള്ളിൽനിന്ന്‌ കഫവും എടുത്തു കളഞ്ഞു. രോഗി കഴിഞ്ഞ ദിവസം മരിച്ചു. കോവിഡ് ടെസ്റ്റിനായി മരിച്ചയാളുടെ ബ്ലഡ് ശേഖരിച്ചതും സുനിതയായിരുന്നു. കോവിഡ് പോസിറ്റീവ് ആയതോടെയാണ്‌ സുനിത ക്വാറന്റൈയിനിൽ പ്രവേശിച്ചത്‌. സുനിതക്കൊപ്പം പ്രചാരണത്തിനുണ്ടായിരുന്ന പ്രവർത്തകയും എംസിഎ വിദ്യാർഥിനിയുമായ മോനിഷയും ക്വാറന്റൈയിനിലുണ്ട്‌. 
കുറ്റിക്കലുള്ള വീട്ടിലിരുന്ന്‌ ഫോണിലൂടെയാണ്‌ ഇപ്പോൾ വോട്ട്‌ അഭ്യർഥന. 2009 മുതൽ ആശാപ്രവർത്തകയായ സുനിത കിടപ്പുരോഗികൾ, അർബുദം ബാധിച്ചവർ, മാനസികബുദ്ധിമുട്ട്‌ നേരിടുന്നവർ തുടങ്ങിയവർക്കെല്ലാം സഹായിയാണ്‌. കൂലിപ്പണിക്കാരനായ ദീപുവാണ്‌ ഭർത്താവ്‌. ആദിത്യൻ, ആഷിമ എന്നിവർ മക്കൾ. ജയിച്ചാലും ആശവർക്കറുടെ ജോലി പൂർണമനസോടെ ചെയ്യുമെന്നും സുനിത പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top