20 October Sunday
36 ക്യാമറകൾ സജീവം

ഒന്നുമുതൽ എരുമേലിയിൽ ഗതാഗത നിയമം കർശനം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

 

 
കാഞ്ഞിരപ്പള്ളി
സെപ്തംബർ ഒന്നുമുതൽ ഗതാഗത നിയമം കർശനം.  കുറ്റവും കുറവുകളും കണ്ടുപിടിക്കാൻ എരുമേലി പട്ടണത്തിൽ 36 ക്യാമറകൾ സജീവം.
പട്ടണത്തിന്‌ തുടക്കംകുറിക്കുന്ന കൊരട്ടി പാലം മുതൽ റാന്നി റോഡിലെ കരിങ്കല്ലുംമൂഴി ജങ്‌ഷൻ വരെയും എരുമേലി പേട്ട കവല മുതൽ മുണ്ടക്കയം റോഡിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയും എരുമേലി വലിയമ്പലം, കൊച്ചമ്പലം, വാവര് പള്ളി (മുസ്ലീം പളളി), പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഗതാഗതലംഘനം എരുമേലി പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ സ്ഥാപിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ പതിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കൺട്രോൾ റൂമിൽ മൂന്നുപേർ ഡ്യൂട്ടി ചെയ്യുന്നുണ്ട്. ഹെൽമെറ്റ് വയ്ക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും ചട്ടവിരുദ്ധമായി വാഹനമോടിക്കുന്നവരെ അപ്പോൾ തന്നെ കൺട്രോൾ റൂമിലെ മോണിട്ടറുകളിലൂടെ കണ്ടുപിടിച്ച് വാഹനങ്ങളുടെ നമ്പർ സഹിതം റിക്കാർഡിൽ രേഖപ്പെടുത്തി പോസ്റ്റ് കാർഡ്‌ അയയ്‌ക്കും.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട്, പൊലീസ് വകുപ്പ്, ദേവസ്വം ബോർഡ് എന്നിവർ അനുവദിച്ച അൻപതുലക്ഷം രൂപ വീതം ഉപയോഗിച്ച് ഒന്നര കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. അടുത്ത സാമ്പത്തിക വർഷം ശബരിമല പാതയിലെ കണമല വരെ പദ്ധതി വ്യാപിപ്പിക്കും. 36 ക്യാമറകൾക്കുപുറമേ എരുമേലി പഞ്ചായത്തിന്റെ 16 ക്യാമറകളും പട്ടണത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്നുമുള്ള ദൃശ്യങ്ങളും സ്റ്റേഷനിലെ മോണിറ്ററിൽ എത്താറുണ്ട്. ഇതോടെ അടിപിടി കേസുകളും ഏറെ കുറഞ്ഞിട്ടുണ്ട്. എരുമേലി പട്ടണത്തിൽ ആരെത്തിയാലും ഈ ക്യാമറകൾ ഒപ്പിയെടുക്കും. രാത്രി കാലത്തെ ദൃശ്യങ്ങൾ ഭംഗിയായി പതിയാൻ വേണ്ടത്ര വെളിച്ചമില്ലെന്ന് പൊതുവേ പരാതിയുണ്ട്.
 
 
 
 
പ്രധാന വാർത്തകൾ
 Top