21 October Monday

ആഗോള ആംഗ്ലിക്കന്‍ തലവനെ സ്വീകരിക്കാനൊരുങ്ങി സിഎസ്ഐ സഭ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കോട്ടയം
ആദ്യമായി കേരളം സന്ദർശിക്കുന്ന ആംഗ്ലിക്കൻ സഭാ പരമാധ്യക്ഷൻ ജെസ്റ്റിൻ വെൽബിയെ സ്വീകരിക്കാൻ സിഎസ്ഐ  മധ്യകേരള മഹായിടവക ഒരുങ്ങി. ലോകത്ത് 165 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആംഗ്ലിക്കൻ പാരമ്പര്യമുള്ള സഭകളുടെ കൂട്ടായ്മയായ ആംഗ്ലിക്കൻ കമ്യൂണിയന്റെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. 1400 വർഷം പഴക്കമുള്ള കാന്റർബറി മഹായിടവകയുടെ അധ്യക്ഷനുമാണ്. സിഎസ്ഐ സഭയുടെ മോഡറേറ്ററായ ബിഷപ്പ് തോമസ് കെ ഉമ്മന്റെ ക്ഷണപ്രകാരമാണ് എത്തുന്നത്.  
 ശനിയാഴ്ച രാവിലെ 10 ന്‌ കൊച്ചിയിലെത്തുന്ന അദ്ദേഹത്തെും പത്നി കരോളിനേയും സ്വീകരിക്കും.  കോട്ടയം ബേക്കർ മൈതാനിയിലെ മഹാസംഗമത്തിൽ പങ്കെടുക്കുന്ന ആർച്ച് ബിഷപ്പിനെ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും സാമൂഹിക രാഷ്ട്രീയ നേതാക്കളും ചേർന്ന്‌ സ്വീകരിക്കും. സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് അനുഗ്രഹപ്രഭാഷണം നടത്തും.  ഞായറാഴ്ച ചാലുകുന്നിലുള്ള സിഎസ്ഐ കത്തീഡ്രൽ ദേവാലയത്തിൽ എത്തും. 8.30 ന് വിശുദ്ധസംസർഗ ശുശ്രൂഷയിൽ അദ്ദേഹം മുഖ്യകാർമികനാകും.  പുതിയ ചാപ്പലിന്റെ പ്രതിഷ്ഠാശുശ്രൂഷ അദ്ദേഹം നിർവഹിക്കും. ഒന്നിന്‌ കുമരകത്തുനിന്ന്‌ ജലമാർഗം സിഎസ്ഐ  സഭയുടെ ഗ്രാമീണ ഇടവകയായ കാവാലം പള്ളിയിലേക്ക് യാത്രതിരിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളിൽ സിഎസ്ഐ വൈദിക, സഭാശുശ്രൂഷക സമ്മേളനത്തിൽ പങ്കെടുക്കും. 10.30 ന് സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയാകും. ജറുസലേം മാർത്തോമാ പള്ളി സന്ദർശിച്ചാണ്‌ മടക്കം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top