11 December Wednesday
ചെമ്പും കറുത്തീയവും അധികം

അക്വാ ഗ്രീൻ കുപ്പിവെള്ളം നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
കോട്ടയം
കുടിവെള്ളത്തിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്ന‌് അക്വാഗ്രീൻ കുപ്പിവെള്ളത്തിന്റെ വില്പനയും ഉല്പാദനവും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണർ പി ഉണ്ണികൃഷ‌്ണൻനായരാണ‌്  ഉത്തരവ‌ിട്ടത‌്. തലയോലപ്പറമ്പ‌് താഴേപ്പള്ളി റോഡ‌ിൽ പ്രവർത്തിക്കുന്ന പെന്റാ അക്വാ കമ്പനിയുടേതാണ‌് ഈ കുപ്പിവെള്ളം.
   തിരുവനന്തപുരം ഫുഡ‌് സേഫ‌്റ്റി ലാബിൽ നടത്തിയ പരിശോധനയിൽ കുപ്പിവെള്ളത്തിൽ ചെമ്പിന്റെയും കറുത്തീയത്തിന്റെയും അളവ‌് കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ‌് നടപടി. കമ്പനി വിപണിയിലെത്തിച്ച മുഴുവൻ കുപ്പിവെള്ളവും ഉടൻ പിൻവലിക്കണമെന്ന‌് കമ്പനിക്ക‌് നൽകിയ ഉത്തരവിലുണ്ട‌്. കമ്പനിയുടെ ലൈസൻസും റദ്ദാക്കി.
കുപ്പിവെള്ളത്തിൽ പ്ലാസ‌്റ്റിക‌് മാലിന്യം കണ്ടെത്തിയതായി ആരോപിച്ച‌് സ്വകാര്യവ്യക്തി നൽകിയ  പരാതിയിൽ നടത്തിയ പരിശോധനയിലാണ‌് ഗുരുതരമായ അളവിൽ ഹെവി മെറ്റലിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത‌്. അസി. കമീഷണറുടെ നിർദേശപ്രകാരം വൈക്കം ഫുഡ‌് സേഫ‌്റ്റി ഓഫീസർ നിമ്മി അഗസ‌്റ്റിന്റെ നേതൃത്വത്തിൽ ജൂൺ മൂന്നിനാണ‌് കമ്പനിയിൽ പരിശോധന നടത്തിയത‌്. അവിടെനിന്ന‌് ശേഖരിച്ച കുപ്പിവെള്ളം ലാബിലേക്ക‌് അയച്ച‌് നടത്തിയ പരിശോധനയിലാണ‌് ഈ കണ്ടെത്തൽ.  
ഹെവി മെറ്റലിന്റെ സാന്നിധ്യം ക്യാൻസറിന‌ും മരണത്തിനു തന്നെയും കാരണമാകുമെന്നതിനാലാണ‌് അടിയന്തര നടപടി സ്വീകരിച്ചതെന്ന‌് അധികൃതർ പറഞ്ഞു. ഈ കുപ്പിവെള്ളത്തിന്റെ വില്പന ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ അസിസ്‌റ്റന്റ‌് ഭക്ഷ്യസുരക്ഷാ കമീഷണറെയോ, ഫുഡ‌് സേഫ‌്റ്റി ഓഫീസർമാരെയോ അറിയിക്കണമെന്ന‌് അധികൃതർ പറഞ്ഞു. ഫോൺ: 8943346185, 7593873354, 04812564677.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top