31 May Sunday

മുഖംമൂടി സംഘം വയോധികനെ വാളിന്‌ വെട്ടി, കാൽ തല്ലിയൊടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

 പാമ്പാടി

ബൈക്കിലെത്തിയ യുവാക്കൾ വയോധികനെ വീട്ടിൽകയറി കാൽ തല്ലിയൊടിച്ച്‌ വെട്ടിപ്പരിക്കേൽപ്പിച്ചു. സൗത്ത് പാമ്പാടി വെള്ളക്കോട്ട് സാബു ചാക്കോ(67) ആണ് ക്രൂരമായ ആക്രമണത്തിനിരയായത്.
ബുധനാഴ്ച വൈകിട്ട്‌ അഞ്ചിനാണ് സംഭവം.
പൾസർ  ബൈക്കിലെത്തിയ യുവാക്കൾ വീടിനുള്ളിൽ കിടക്കുകയായിരുന്ന സാബു ചാക്കോയുടെ ഇടതുകയ്യിൽ വെട്ടിയശേഷം ഇടതുകാൽ  തല്ലി ഒടിക്കുകയായിരുന്നു. സാബു ചാക്കോ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന മകൻ ചെന്നൈക്ക് പോകാൻ  കുറ്റിക്കൽ കവലയിലേക്ക്  പോയിരുന്നു. സാബു ഫോൺ വിളിച്ചതിനെ തുടർന്ന് തിരിച്ചെത്തി. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു ആക്രമണം. സംഘം മുഖംമൂടി ധരിച്ചാണ്‌ ആക്രമിച്ചത്. സാബു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
  അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.  ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പാമ്പാടി സിഐ യു ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കുറ്റിക്കൽ കവലയിൽ എത്തിയ യുവാക്കൾ ഓട്ടോഡ്രൈവർമാരോട് ഉൾപ്പെടെ വെള്ളക്കോട്ടെ വീട് ഏതാണെന്ന് അന്വേഷിച്ചിരുന്നു. കൊറിയർ നൽകാൻ വേണ്ടിയാണ് എന്നാണ് ഇവരോട് പറഞ്ഞത്. നാലുവർഷം മുമ്പ് സ്ട്രോക്ക് വന്നതിനെ തുടർന്ന് സാബു ദീർഘകാലം കിടപ്പിലായിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top