24 October Thursday
പെട്രോൾ ബോംബ് ആക്രമണം

കഞ്ചാവ് മാഫിയ സംഘത്തിലെ 2 പേർ കൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

 ഏറ്റുമാനൂർ 

അതിരമ്പുഴയിൽ വീട് അക്രമിക്കുകയും പൊലീസിന് നേരെ പെട്രോൾ ബോംബ് എറിയുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി പിടിയിലായി. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം ഓണംതുരുത്ത് കവല മേടയിൽ അലക്സ് പാസ്‌കൽ (19), ശ്രീകണ്ഠമംഗലം കുറ്റിയക്കവല കറുകച്ചേരിൽ അനന്ദകൃഷ്ണൻ (18) എന്നിവരെയാണ് ഏറ്റുമാനൂർ സിഐ എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്.
 ഇരുവരുടെയും വീടിനു സമീപത്ത്‌നിന്നാണ്‌ അറസ്‌റ്റ്‌. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി സാഹസികമായി പിടികൂടുകയായിരുന്നു. 21 ന്‌ നടന്ന സംഭവത്തിൽ കാണക്കാരി വലിയതടത്തിൽ ഡെൽവിൻ ജോസഫ്(22) നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടമുറി പ്രിയദർശിനി കോളനിയ്ക്ക് സമീപത്തെ റോഡിലൂടെ യുവാവ് അമിതവേഗത്തിൽ ബൈക്കോടിച്ചതിനെ പയസ് അടക്കമുള്ള പ്രദേശവാസികൾ ചോദ്യംചെയ്തിരുന്നു.  ഇതിൽ പ്രകോപിതനായാണ് കഞ്ചാവ് മാഫിയ സംഘം പയസിന്റെ വീട് അക്രമിച്ചത്. അന്വഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമി സംഘം പെട്രോൾ ബോംബ് എറിഞ്ഞു. എറിഞ്ഞ ബോംബുകൾ പൊട്ടാതിരുന്നതാണ് പൊലീസിന്‌ രക്ഷയായത്.
  സംഭവത്തിൽ ഡെൽവിൻ പിടിയിലാവുകയും മറ്റ്പ്രതികൾ  രക്ഷപ്പെടുകയും ചെയ്തു. ഇവർ സഞ്ചരിച്ച കാറിൽനിന്ന്‌ ഏഴ് പെട്രോൾ ബോംബുകളും രണ്ട്‌ വടിവാളും കണ്ടെത്തിയിരുന്നു. രണ്ടു സംഭവങ്ങളിലായി 17 ഓളം പേരുണ്ടെന്നാണ് കരുതുന്നത്. ശനിയാഴ്ച ഗുണ്ടാസംഘത്തിലെ ഏഴ് പേരോളം എക്സൈസ് സംഘത്തിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഏഴു ദിവസത്തോളമായി  പ്രതികൾക്കായി അന്വഷണം തുടരുകയായിരുന്നു. ഏറ്റുമാനൂർ എസ്ഐ അനൂപ് സി നായർ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, സിബിച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്‌.
 
പ്രധാന വാർത്തകൾ
 Top