14 July Tuesday
170 കി. മീറ്റർ തോടുകളുടെ ശുചീകരണം പൂർത്തിയാക്കി

ആഴംകൂട്ടൽ അന്തിമഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

തൊണ്ടമ്പ്ര അറുപറ തോട് യന്ത്രം ഉപയോഗിച്ച് ആഴം കൂട്ടുന്നു

 കോട്ടയം

പ്രളയം മുന്നിൽകണ്ട്‌ തോടുകളുടെ ശുചീകരണവും ആഴംകൂട്ടലും അന്തിമഘട്ടത്തിലേക്ക്‌. തോടും കായലും സമൃദ്ധമായ കോട്ടയത്തെ ജലത്തിന്റെ ശുദ്ധിയും  വൃത്തിയും വീണ്ടെടുത്ത്‌ താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാനുമുള്ള പ്രവർത്തനങ്ങളാണ്‌ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നത്‌. ഹരിതകേരളം മിഷൻ നേതൃത്വം നൽകുന്ന വിവിധ പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകളിലൂടെ നീർച്ചാലുകൾ ജീവസ്സുറ്റതാക്കുകയാണ്‌ ലക്ഷ്യം. 
‘ഇനി ഞാൻ ഒഴുകട്ടെ’ നീർച്ചാൽ പുനരുജ്ജീവന പദ്ധതിയിലൂടെ  മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പഞ്ചായത്തിലെ ഒരു നീർച്ചാൽ വീതം ഇതിനകം വൃത്തിയാക്കി. കരിപ്പ തോട്ടി മൂല, പുതുശ്ശേരി കൊല്ലത്തുതോട്, പുലിയന്നൂർ തോട്, വയലാതോട്, ഇരുവേലി തോട്, നന്നാവേലി തോട്, പാക്കിൽ ചിറത്തോട്, വെള്ളാവൂർ വലിയതോട്, ഐരാറ്റുനട, ഇറഞ്ഞാൽ പാലം കഞ്ഞിക്കുഴി തോട് തുടങ്ങി 170 കി. മീറ്ററോളം തോടുകളുടെ ശുചീകരണമാണ്‌ പൂർത്തിയാക്കിയത്‌.   ഇറിഗേഷൻ വകുപ്പ്, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, ഹരിത സഹായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധിപേർ പുനരുജ്ജീവന പ്രവർത്തനത്തിൽ പങ്കാളികളായി. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്നും ഒരുലക്ഷം രൂപവരെ വിനിയോഗിച്ചു. വേനലിൽ ജലക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ ജലലഭ്യതയും ഉറപ്പുവരുത്താനാകുന്നു എന്ന പ്രത്യേകതയുമുണ്ട്‌. ശുചീകരിച്ച ജലാശയങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ, തടയണ നിർമാണം, പുഴയോരങ്ങളിൽ വൃക്ഷത്തൈകൾ നടീൽ എന്നിവയും നടത്തുന്നുണ്ട്‌. നീർത്തട മാസ്റ്റർപ്ലാൻ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ചത് ജില്ലയിലാണ്. കാഞ്ഞിരപ്പള്ളി ഉൾപ്പടെയുള്ള പഞ്ചായത്തുകളിൽ നദികളിലേക്ക് തുറന്നുവച്ചിരിക്കുന്ന മാലിന്യ കുഴലുകൾ അടപ്പിക്കുന്ന പ്രവർത്തനം നടക്കുന്നു. ഈ പ്രവർത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ കലക്ടർ നിർദേശം നൽകി.
 
 
പ്രധാന വാർത്തകൾ
 Top