06 December Monday

പ്രളയ നഷ്ടപരിഹാരം 
അടിയന്തരമായി നൽകും: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കോട്ടയം
ഈമാസം 16 നുണ്ടായ പ്രളയത്തിൽ വീടുംസ്ഥലവും ജീവനോപാധികളും നഷ്ടമായവർക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ ഉറപ്പുനൽകി. പൂഞ്ഞാർ മണ്ഡലത്തിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. 
  പ്രകൃതിദുരന്തത്തിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ സംഭവിച്ചത് പൂഞ്ഞാർ മണ്ഡലത്തിലാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. കൂട്ടിക്കൽ പഞ്ചായത്തിൽ മാത്രം 14 പേർ ദുരന്തത്തിൽ മരിച്ചു. 200 ലധികം ഉരുൾപൊട്ടൽ സംഭവിച്ചു. 313 വീടുകൾ പൂർണമായും 748 വീടുകൾ ഭാഗികമായും തകർന്നു. 600 ലധികം വീടുകളിൽ വെള്ളംകയറി. ഒമ്പത്‌ പൊതുമരാമത്ത് വകുപ്പ് പാലങ്ങളും 42 പഞ്ചായത്ത് പാലങ്ങളും പ്രളയത്തിൽ ഒലിച്ചുപോകുകയോ കേടുപാട് സംഭവിക്കുകയോചെയ്തു. 39 പിഡബ്ല്യുഡി റോഡുകളും അനവധി പഞ്ചായത്ത് റോഡുകളും താറുമാറായി. 214 ഹെക്ടർ സ്ഥലത്ത് കൃഷിനശിച്ചു. നിരവധി കർഷകരുടെ ആടുമാടുകളും കോഴികളും മറ്റ് വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടു. വൈദ്യുതിബന്ധവും ജലവിതരണസംവിധാനവും തകരാറിലായി. അടിയന്തരമായി പുനരുദ്ധരിച്ച് സാധാരണനില പുനഃസ്ഥാപിക്കണമെന്നും വ്യാപാരികൾ ഉൾപ്പെടെ നഷ്ടംസംഭവിച്ച മുഴുവൻ ആളുകൾക്കും നഷ്ടപരിഹാരം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എല്ലാം പരിശോധിച്ച് കൂടുതൽ നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top