21 October Monday
പാത ഇരട്ടിപ്പിക്കൽ

നഷ്ടപരിഹാര പാക്കേജ‌ിന്‌ സർക്കാർ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

 

 
കോട്ടയം
റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ആർആർ പാക്കേജിന്‌ സർക്കാർ അംഗീകാരം. ഇതുസംബന്ധിച്ച്‌ പാക്കേജ‌് അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസർ നൽകിയ ശുപാർശയിൽ ഭേദഗതികളോടെയാണ്‌ അന്തിമ അനുമതി. പുറമ്പോക്കിൽ താമസിക്കുന്ന അഞ്ചുപേർക്ക്‌  ഉടമസ്ഥത തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ ഇവർക്ക്‌ താമസം മാറുമ്പോഴുണ്ടാകുന്ന ഗതാഗതച്ചെലവ്‌ നൽകും. അതേസമയം ഒരേക്കറോളം ഭൂമി ഇനിയും ഏറ്റെടുക്കാനുണ്ടെന്ന്‌ കാട്ടി റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു.  
ഏറ്റുമാനൂർമുതൽ -ചിങ്ങവനംവരെയുള്ള ഭാഗത്ത്‌ പുതിയ പാത നിർമിക്കുന്നതിനായി അതിരമ്പുഴ, മുട്ടമ്പലം, പെരുമ്പായിക്കാട്‌ വില്ലേജുകളിലായി 193 പേരിൽ നിന്നായി 3.98 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. അതിരമ്പുഴ വില്ലേജിൽ 83 പേരിൽനിന്ന‌് 1.2969 ഹെക്ടറും, അതിരമ്പുഴയിൽ ബ്ലോക്ക‌് നമ്പർ 28 ൽ ഉൾപ്പെട്ട 0.0024 ഹെക്ടറും മുട്ടമ്പലം വില്ലേജിൽ 77 പേരിൽനിന്നായി 2.086 ഹെക്ടറും  പെരുമ്പായിക്കാട‌് വില്ലേജിൽ 33 പേരിൽനിന്ന‌് 0.6019 ഹെക്ടറും ഏറ്റെടുക്കും. 
കൈമാറുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വില കൂടാതെയുള്ള വിവിധ ഇനങ്ങളിലെ നഷ്ടപരിഹാരമാണ‌് പാക്കേജിലുള്ളത‌്. കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ ചേർന്ന യോഗത്തിൽ പാക്കേജിൽ ഉൾപ്പെട്ടവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്‌ ശുപാർശ സർക്കാരിന്‌ സമർപ്പിച്ചത്‌.   ഇതനുസരിച്ച്‌ പരമാവധി 4,60,000 രൂപവരെ ലഭിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പടുവിച്ചിരുന്നു. വീട‌് നഷ്ടപ്പെടുന്നവർക്ക‌് മൂന്നു ലക്ഷവും ഉപജീവന ഗ്രാന്റായി 60,000 രൂപയും  ഗതാഗതച്ചെലവായി 50,000 രൂപയും ഒറ്റത്തവണ അലവൻസായി 50,000 രൂപയുമാണ‌് പാക്കേജിൽ അനുവദിച്ചത‌്. ഇതിനു പുറമെ വീട്ടുസാധനങ്ങൾ മാറ്റാനുള്ള അലവൻസായി 30,000 രൂപയും നൽകും. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയം അന്തിമ ഘട്ടത്തിലാണ്‌. സ്ഥല വിലനിർണയം റവന്യൂ സ‌്പെഷ്യൽ ഓഫീസും കെട്ടിട മൂല്യ നിർണയം റെയിൽവേയുമാണ‌് തീരുമാനിക്കുക. കെട്ടിടവില നിർണയം റെയിൽവെ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇതടക്കം കൈമാറിയാലേ ഭൂമി ഏറ്റെടുക്കാനാകൂ. വില നിശ്‌ചയിച്ച്‌ ഇത്‌ പരസ്യപ്പെടുത്തണം. ഇതിൻമേൽ ആക്ഷേപം സമർപ്പിക്കാൻ ഒരുമാസത്തെ സാവകാശം അനുവദിക്കും. ഇതിനു ശേഷമാകും തുക കൈമാറുന്നതും ഭൂമി ഏറ്റെടുക്കുന്നതും. സെപ്‌തംബർ 30നകം ഭൂമി റെയിൽവേയ്‌ക്ക്‌ കൈമാറുമെന്ന്‌ കലക്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top