22 August Thursday

മിന്നലാണെങ്കിലും ജീവനാണ‌് പ്രധാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

 കട്ടപ്പന

അപകടത്തിൽപ്പെട്ട‌് ഗുരുതരാവസ്ഥയിലായിരുന്നവർക്ക‌് രക്ഷകരായി കെഎസ‌്ആർടിസി മിന്നലിലെ ജീവനക്കാർ. തിരക്ക‌ുപിടിച്ച ജീവിതത്തിനിടയിൽ അപകടത്തിൽ പെട്ടവരെ തിരിഞ്ഞുനോക്കാൻ പോലും പലരും തയ്യാറാവുന്നില്ല. ഇതിൽനിന്നും വ്യത്യസ്തമാകുകയാണ‌് കെഎസ‌്ആർടിസി ജീവനക്കാരായ കെ ജെ മാത്യുവും അനൂപ‌് സ്കറിയയും. 
തിരുവനന്തപുരത്ത് നിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കെഎസ‌്ആർടിസി മിന്നൽ ബസിലെ ജീവനക്കാരാണ‌് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടവർക്ക‌് തണലായത‌്. രാത്രി രണ്ടോടെ കോട്ടയം മണിപ്പുഴ ജങ‌്ഷനിലാണ‌് സംഭവം. ഓട്ടോ മറിഞ്ഞ‌് യാത്രക്കാരൻ ഗുരുതര പരിക്കുകളോടെ നടുറോഡിൽ കിടക്കുകയായിരുന്നു. 
ഇത‌് ശ്രദ്ധയിൽപെട്ട ബസ‌ിലെ ജീവനക്കാരായ കെ ജെ മാത്യൂവും അനൂപ‌് സ്കറിയയും ചേർന്ന‌് യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ ബസിൽ മെഡിക്കൽ കോളേജിലേക്ക‌് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ നാഗമ്പടത്ത‌് നിന്നും നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എസ‌്ഐയുടെ വാഹനത്തിലേക്ക് ഇയാളെ കയറ്റി മെഡിക്കൽ കോളേജിലേക്ക‌് എത്തിക്കുകയായിരുന്നു. അതിപ്രാധാന്യമുള്ള മിന്നൽ ബസ‌് ആയിട്ടും ഒരു ജീവൻ രക്ഷിക്കാനായി തങ്ങളോട‌് സഹകരിച്ച ബസിലെ യാത്രക്കാരോട‌ാണ‌് തങ്ങൾക്ക‌് നന്ദി പറയേണ്ടതെന്ന‌് ജീവനക്കാർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top