04 April Saturday
മീനച്ചിൽ മാർക്കറ്റിങ‌് സംഘം

വാഹനങ്ങൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

 പാലാ

മീനച്ചിൽ റബർ മാർക്കറ്റിങ‌് സഹകരണസംഘം ഭരണാധികാരികളുടെ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകയുടെ ഹർജിയിൽ നിക്ഷേപതുക ഈടാക്കി നൽകാൻ സംഘം വക വാഹനങ്ങൾ കോടതി ജപ‌്തിചെയ‌്തു. ഹെഡ‌് ഓഫീസ‌് വളപ്പിൽ സൂക്ഷിച്ച ഓരോ കാറ‌ും ജീപ്പ‌ും രണ്ട‌് വാനുകളുമാണ‌് പാലാ മുൻസിഫ‌് കോടതി കസ‌്റ്റഡയിലെടുത്തത‌്. സംഘംവക കരൂർ ലാറ്റക്‌സ‌് ഫാക്ടറിയുടെ ലോറിയും ജീപ്പും ബുധനാഴ‌്ച ജപ‌്തി ചെയ്യും. കുര്യനാട് വാഴയിൽ കെ പി മേരിക്കുട്ടി കോട്ടയം സഹകരണ ജോയിന്റ‌് രജിസ‌്ട്രാർക്ക‌് നൽകിയ ഹർജിയിലാണ് നടപടി.
 കേരള കോൺഗ്രസ‌് എം ഭരണകാലത്ത്‌ നടത്തിയ നിക്ഷേപ തട്ടിപ്പിന‌് ഇരയായി പണം നഷ്ടപ്പെട്ട മേരിക്കുട്ടി 2019ൽ കോട്ടയം സഹകരണ ജോയിന്റ‌് രജിസ‌്ട്രാർക്ക‌് അഡ്വ. ടി എസ‌് ജോൺ മുഖേന നൽകിയ ഹർജിയിലാണ്‌ ജപ്‌തി നടപടി.  ഇവർ നിക്ഷേപമായി നൽകിയ തുകയിൽ തിരികെ ലഭിക്കാനുള്ള അഞ്ച‌് ലക്ഷം രൂപയുടെ പലിശ സഹിതം 7.74 ലക്ഷം രൂപാ ഈടാക്കാനാണ്‌  വാഹനങ്ങൾ ജപ‌്തി ചെയ്യാൻ ജോയിന്റ‌് രജിസ‌്ട്രാർ ഉത്തരവിട്ടത‌്. സംഘത്തിലെ നിക്ഷേപവും റബർപാൽ നൽകിയതിന്റെ വില ഇനത്തിൽ കിട്ടാനുള്ള തുകയും ഉൾപ്പെടെ 12 ലക്ഷം രൂപയാണ‌് ഇവർക്ക‌് ലഭിക്കാനുണ്ടായിരുന്നത‌്. ഇതിൽ ഏഴ‌് ലക്ഷം രൂപ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ‌് കാലത്ത‌് നൽകിയിരുന്നു.  
കോടതി ജീവനക്കാർ ചൊവ്വാഴ‌്ച സംഘത്തിന്റെ പാലാ മാർക്കറ്റ് റോഡിലുള്ള ഹെഡ് ഓഫീസിലെത്തിയാണ് ജപ്തി നടത്തിയത്. പ്രസിഡന്റിന്റെ കാർ, സെക്രട്ടറി ഉപയോഗിച്ചിരുന്ന ബൊലോറെ ജീപ്പ്, പിക്കപ് വാൻ, ഓമ്‌നി വാൻ എന്നിവയാണ് റിക്കവറി വാനിന്റെ സഹായത്തോടെ പാലാ കോടതി വളപ്പിലേയ്ക്ക് മാറ്റിയത്. വാഹനങ്ങൾ പിന്നീട‌് ലേലം ചെയ്ത് ലഭിക്കുന്ന തുക ഹർജിക്കാരിക്ക‌് കൈമാറും. 
 
 
പ്രധാന വാർത്തകൾ
 Top