29 February Saturday

ചർമമുഴ: ലക്ഷണം 245 കാലികൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020
കോട്ടയം
ജില്ലയിൽ കൂടുതൽ കന്നുകാലികളിൽ ചർമമുഴയുടെ ലക്ഷണങ്ങൾ കണ്ടെത്തി. ഇതുവരെ 245 കാലികൾക്കാണ്‌ ശരീരത്തിൽ മുഴയടക്കമുള്ള രോഗലക്ഷണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. അസുഖം പകരാതിരിക്കാൻ മൃഗസംരക്ഷണ വകുപ്പ്‌ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.
  കേരളത്തിൽ ആദ്യമായാണ്‌ കാലികൾക്ക്‌ ചർമമുഴ, അഥവാ പൊങ്ങൽപനി കാണുന്നത്‌. ലക്ഷണം കണ്ടെത്തിയ പത്തോളം പശുക്കൾക്ക്‌ രോഗം സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനക്കായി പശുക്കളുടെ രക്തസാമ്പിളുകൾ ഭോപ്പാലിലേക്ക്‌ അയച്ചു. 
 പശുക്കൾക്ക്‌ നൽകാൻ 3,000 ഡോസ്‌ പ്രതിരോധ വാക്‌സിൻ ജില്ലയിലെത്തി. 531 കാലികൾക്ക്‌ കുത്തിവയ്‌പ്പ്‌ നൽകി. മൂവായിരം ഡോസ്‌ കൂടി ഉടൻ ജില്ലയിലെത്തും. അസുഖം ബാധിച്ച പശുക്കൾ വസിക്കുന്നതിന്‌ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എല്ലാകാലികൾക്കും വാക്‌സിൻ നൽകും. 
വൈക്കം, കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലാണ്‌ കൂടുതൽ കാലികളിൽ അസുഖലക്ഷണം കാണുന്നത്‌. അതേസമയം ക്ഷീരകർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ മൃഗസംരക്ഷണവകുപ്പ്‌ അധികൃതർ അറിയിച്ചു. 
 അസുഖം ബാധിച്ച പശുക്കളിൽ പാലുൽപാദനത്തിലുണ്ടാകുന്ന കുറവാണ്‌ പ്രധാനപ്രശ്‌നം. ഇത്‌ ഒരുമാസത്തിനകം സാധാരണനിലയിലാകുമെന്ന്‌ അധികൃതർ അറിയിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top