02 December Friday

പൂരനിലാവിൽ അന്നങ്ങളെത്തി

ടി രഞ്‌ജിത്‌Updated: Sunday Sep 25, 2022

നീലംപേരൂർ പൂരം പടയണിയിൽ വല്യന്നങ്ങൾ എഴുന്നള്ളുന്നു

ചങ്ങനാശേരി 
അവിട്ടംനാളിൽ ചൂട്ടുപടയണിയോടെ ആരംഭിച്ച നീലംപേരൂർ പൂരംപടയണിയിൽ പടയണികളത്തിൽ വല്യന്നം എഴുന്നള്ളി. ‘വല്യന്നം വന്നടാ തെയ്തക തിന്തകം' താളത്തിൽ ആൽത്തറയിൽനിന്ന് ചൂട്ടുകറ്റുകളുടെ പ്രഭയിലാണ്‌ അന്നങ്ങൾ എഴുന്നള്ളിയത്. വ്യത്യസ്ത അളവുകളുള്ള അന്നങ്ങളെയാണ് സമർപ്പിച്ചത്.'വലിയന്നങ്ങളും ചെറിയന്നങ്ങളും മറ്റു കോലങ്ങളും പടയണി കളത്തിൽ എത്തിയശേഷം സിംഹം എഴുന്നള്ളിയതോടെ പടയണി സമാപിച്ചു. പ്രളയവും കോവിഡ്‌ മഹാമാരിയുംമൂലം രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ നീലംപേരൂരിൽ പടയണിനിലാവുദിച്ചത്‌.   
കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനൻ ഗന്ധമാതനഗിരി പർവ്വത താഴ്ചയിൽ മാനസരോവരത്തിൽ അരയന്നങ്ങളെ കണ്ടതിന്റെ ദൃശ്യാവിഷ്കാരമാണ് അവതരിപ്പിച്ചത്.
രാത്രി പത്തിന് ചേരമാൻ പെരുമാൾ കോവിലിൽ അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. ഒരു വല്യന്നവും രണ്ടു ചെറിയ അന്നങ്ങളുമാണ് എഴുന്നള്ളിയത്. ഇതോടൊപ്പം വിശ്വസികൾ 90 ചെറിയ അന്നങ്ങളെയും കാഴ്ചവച്ചു. 30 അടി ഉയരമുള്ള ഒരു വല്യന്നവും 15 അടി വീതം ഉയരമുള്ള രണ്ട് ചെറിയ അന്നങ്ങളും, 90 ചെറിയ അന്നങ്ങളും   പടയണികളം വാണു. അരയന്നങ്ങൾക്കൊപ്പം എട്ടര അടി ഉയരമുള്ള നീലംപേരൂർ നീലകണ്ഠൻ എന്ന കരക്കാർ വിളിക്കുന്ന പൊയ്യാന, നാഗയക്ഷി, ഭീമസേനൻ, രാവണൻ, ഹനുമാൻ, അമ്പലക്കോട്ട  തുടങ്ങിയ പതിവ് കോലങ്ങൾക്കുപുറമേ അർധനാരീശ്വരൻ, മാർക്കണ്ഡേയചരിതം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സൈനികരുടെ കോലവും പീരങ്കിയും ഇന്ത്യയുടെ ഭൂപടവും എഴുന്നള്ളി. അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിയശേഷം ദേവിവാഹനം സിംഹം എഴുന്നള്ളുയതോടെയാണ്‌ പടയണി ആരംഭിച്ചത്‌. തുടർന്ന് വ്രതം അനുഷ്ഠിച്ച ഗോപകുമാർ മഠത്തിൽ അരിയും തിരിയും സമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top