22 September Sunday
വീണ്ടും കൃഷിയിറക്കാൻ കര്‍ഷകര്‍

നശിച്ചത് 3158 ഹെക്ടര്‍ നെല്‍കൃഷി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

പ്രളയത്തെ അതിജീവിച്ച കോട്ടയം മണിയാപറമ്പ് ചാലാകിരി നൂറേക്കർ പാടം.

 

 
കോട്ടയം 
ജില്ലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നെൽകൃഷി നശിച്ച പാടങ്ങളിൽ വീണ്ടും കൃഷിയിറക്കാൻ കർഷകരും കൃഷി വകുപ്പും മുന്നൊരുക്കം തുടങ്ങി. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 3158 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. മടവീണതിനെത്തുടർന്ന് പാടങ്ങളിൽ വെള്ളംകയറി  15 മുതൽ 75 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളാണ് നശിച്ചത്.  
വെച്ചൂർ പഞ്ചായത്തിലാണ് കൂടുതൽ നാശമുണ്ടായത്. 675 ഹെക്ടർ പ്രദേശത്തെ നെല്ലാണ് ഇവിടെ നശിച്ചത്. കല്ലറ- 510, അയ്മനം -450, ആർപ്പൂക്കര- 436, കുമരകം -386, തിരുവാർപ്പ് -260, തലയാഴം- 420, വൈക്കം 14.5, ചെമ്പ് -6.5 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്ത്‌ മേഖലകളിൽ നെൽകൃഷിക്കുണ്ടായ നാശത്തിന്റെ കണക്ക്.  മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ച്  നിലമൊരുക്കി ഉടൻ വിതയ്ക്കാൻ മൂവായിരത്തോളം കർഷകരാണ് തയ്യാറായിട്ടുള്ളത്. ആർപ്പൂക്കരയിലും അയ്മനത്തുമുള്ള ആയിരത്തിലേറെ കർഷകർ 90 ദിവസത്തിനകം കൊയ്‌തെടുക്കാനാകുന്ന മനുരത്ന നെല്ലിന്റെ വിത്ത് കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക്  ആവശ്യമായ വിത്ത് കാർഷിക സർവകലാശാലയിൽ നിന്നും എത്തിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 കല്ലറ, കുമരകം, തിരുവാർപ്പ്, തലയാഴം, വെച്ചൂർ, ചെമ്പ് പഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലേയും കർഷകർക്ക്  ഉമ നെൽവിത്താണ് വേണ്ടത്. ഇവിടെയുള്ള 94 പാടശേഖരങ്ങളിൽ വിതയ്ക്കുന്നതിനാവശ്യമായ ഉമ വിത്ത് സംസ്ഥാന വിത്തുവികസന അതോരിറ്റി മുഖേനയാണ് ലഭ്യമാക്കുക. ആഗസ്‌ത്‌ മുപ്പതിനകം വിത്ത് നൽകണമെന്നാണ് കൃഷി വകുപ്പ് അതോരിറ്റിക്ക് നിർദേശം നൽകിയിട്ടുള്ളത്.
 
 
 
പ്രധാന വാർത്തകൾ
 Top