30 May Saturday
തൂവാല വിപ്ലവുമായി അഭയം

ഒരു ലക്ഷം തൂവാല വിതരണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 കോട്ടയം

കോവിഡിനെ പ്രതിരോധിക്കാനായി തൂവാല വിപ്ലവം സൃഷ്‌ടിക്കാൻ അഭയം ചാരിറ്റബിൾ സൊസൈറ്റി രംഗത്ത്‌. മാസ്‌ക്‌ അല്ലെങ്കിൽ തൂവാല ഉപയോഗിച്ച്‌ ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം പൊത്തണം എന്നാണ്‌ കോവിഡ്‌ പ്രതിരോധമാർഗങ്ങളിൽ പറയുന്നത്‌. എന്നാൽ മാസ്‌കിന്‌ ക്ഷാമം വരുന്ന സാഹചര്യം വന്നതോടെയാണ്‌ അഭയത്തിന്റെ നേതൃത്വത്തിൽ കോട്ടൺ തൂവാല ഉണ്ടാക്കി നൽകി പ്രതിരോധം തീർക്കാൻ തീരുമാനിച്ചത്‌. 
തിരുനക്കര ശ്രീനിവാസ അയ്യർറോഡിൽ പ്രവത്തിക്കുന്ന മീ..ടു ടെയ്‌ലറിങ്‌ സ്ഥാപന ഉടമ ലത മനോജിന്റെ നേതൃത്വത്തിലാണ്‌ തൂവാലകൾ തയ്യാറാകുന്നത്‌. സാധാരണക്കാരെ സഹായിക്കുന്നതിനായി തൂവാല തയ്‌ച്ച്‌ നൽകണമെന്ന്‌ അഭയം ഉപദേശകസമിതി ചെയർമാൻ വി എൻ വാസവൻ ഇവരോട്‌ അഭ്യർഥിച്ചു. തുടർന്ന്‌ സഹപ്രവർത്തകരായ ശ്രീദേവി, ഗീത, അനില, സാറ എന്നിവരുമായി ലത സംസാരിയ്ക്കുകയും ഇവർ ഇതിന്‌ തയ്യാറാവുകയും ചെയ്‌തതോടെയാണ്‌ തൂവാല വിപ്ലവത്തിന്‌ തുടക്കമാകുന്നത്‌. ഇതിൽ സാറ വീട്ടിലിരുന്നാണ്‌ തൂവാല തയ്ക്കുന്നത്‌. ലത ഇവരുടെ നിരവധി സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞിരുന്നു. അവരും തൂവാല തയ്‌ച്ചുനൽകാൻ തയ്യാറായി വന്നതോടെ അഭയം കോവിഡ്‌ പ്രതിരോധ ചരിത്രത്തിന്‌ വഴിതെളിച്ചിരിക്കുകയാണ്‌. അഭയത്തിന്റെ ഓരോ ഏരിയ കൺവീനർമാർ മുഖേനയാവും തൂവാലകൾ വിതരണംചെയ്യുക. ഒരു ലക്ഷം തൂവാലയാണ്‌  ഇത്തരത്തിൽ നിർമിച്ചുനൽകുന്നത്‌. ബുധനാഴ്‌ച തൂവാലയുടെ വിതരണ ഉദ്‌ഘാടനം മന്ത്രി പി തിലോത്തമൻ നിർവഹിക്കും.
 
 
പ്രധാന വാർത്തകൾ
 Top