27 September Sunday
ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 

 
കോട്ടയം
കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽനിന്ന്‌ കേരളത്തിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാൻ ജില്ലയിൽ സംവിധാനമേർപ്പെടുത്തി. വിമാനത്താവളങ്ങളിൽനിന്ന്‌ ഇവരുടെ വിവരങ്ങൾ ശേഖരിക്കും. അതെസമയം  മുൻകരുതൽ നടപടി ഊർജിതമാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. 
നിരീക്ഷണത്തിലുള്ളവർക്ക്‌ സർക്കാർ ആശുപത്രികളിൽ പരിശോധന നടത്തി തുടർനിർദേശങ്ങൾ നൽകും. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ 2–- 8 ദിവസം വരെ വീടുകളിൽ കഴിയാൻ നിർദേശിക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണം പ്രത്യക്ഷപ്പെടാം. രോഗബാധയുള്ള മേഖലകളിൽനിന്ന് എത്തുന്നവരിൽ പനി, ജലദോഷം, ശ്വാസതടസം എന്നിവ കണ്ടാൽ കോട്ടയം ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ വിഭാഗത്തിലോ റഫർചെയ്തു തുടർനിരീക്ഷണവും ചികിത്സയും നൽകും. 
രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർ സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ടെലി കൗൺസിലിങ്‌ നമ്പരിലോ(1096) ജില്ലാ മെഡിക്കൽ ഓഫീസിലോ(0481 2304110) ജില്ലാ സർവൈലെൻസ് ഓഫീസറെയോ( 9495088514) ബന്ധപ്പെടണം.
എല്ലാ ആശുപത്രികളിലും അണുബാധ തടയാനുള്ള മുൻകരുതൽ നടപടി സ്വീകരിക്കും. ആശുപത്രി ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ ഉറപ്പുവരുത്തും. മെഡിക്കൽ കോളേജ്, മറ്റു പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകളും മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തും.
കലക്ടർ പി കെ സുധീർബാബു അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം മെഡിക്കൽ കോളേജ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. ആർ സജിത്ത് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ ശോഭ, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ശോഭ കുര്യൻ, ജില്ലാ സർവൈലെൻസ്  ഓഫീസർ ഡോ.  കെ ആർ രാജൻ, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. പി എൻ വിദ്യാധരൻ, ഡോ. ടി അനിതകുമാരി, ആർസിഎച്ച്‌ ഓഫീസർ ഡോ.  സി ജെ സിതാര, ഭാരതീയ ചികിത്സ വിഭാഗം ഡിഎംഒ ഡോ. ജയശ്രീ, ജില്ലാ ടിബി ഓഫീസർ ഡോ.ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ എച്ച്‌ വൺ എൻ വൺ  സെൽ മേധാവി ഡോ. സിന്ധു ജി  നായർ എന്നിവർ പങ്കെടുത്തു.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top