29 February Saturday

കൈക്കൂലി: കുറിച്ചി സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 കോട്ടയം

കുറിച്ചി സ്പെഷ്യൽ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ്‌ പിടിയിലായി.  ആലപ്പുഴ, ആറാട്ടുപുഴ സ്വദേശി പി രാജനെയാണ്‌ 2000- രൂപ വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്‌. പുതുപ്പള്ളി സ്വദേശിക്കും സഹോദരനും തങ്ങളുടെ വല്ല്യമ്മയിൽനിന്ന്‌ വിൽപത്രപ്രകാരം ലഭിച്ച കുറിച്ചി വില്ലേജിൽ പെട്ട 12 സെന്റ് വസ്തു ഇരുവരുടേയും പേരിൽ പോക്കുവരവ് ചെയ്ത് പേരിൽകൂട്ടി കരം അടയ്ക്കുന്നതിനായി ആറ്‌ മാസം മുൻപ് അപേക്ഷിച്ചിരുന്നു. നിലവിൽ താമസിക്കുന്ന പുതുപ്പള്ളിയിലെ വീട് പണയപ്പെടുത്തി എടുത്ത വിദ്യാഭ്യാസ ലോണിന്മേൽ ജപ്തി നടപടികളാവുകയും കുറിച്ചിയിലെ സ്ഥലം പേരിലാക്കി
അത് പണയപ്പെടുത്തി ജപ്തി നടപടികൾ ഒഴിവാക്കുന്നതിനുമാണ് അപേക്ഷ കൊടുത്തിരുന്നത്. അപേക്ഷയിന്മേൽ തീർപ്പ് ലഭിക്കുന്നതിന് സമീപിച്ചപ്പോൾ സ്പെഷ്യൽ വില്ലേജ് ഓഫീസർ  രാജൻ മുൻകൂറായി 500- രൂപ കൈക്കൂലി  കൈപ്പറ്റുകയും അടുത്ത ദിവസം 2,000- രൂപ കൂടി കൊണ്ടുവരുവാൻ ആവശ്യപ്പെടുകയുമായിരുന്നു.  തുടർന്ന് പരാതിക്കാരൻ വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല പൊലീസ്‌ സൂപ്രണ്ട് വി ജി വിനോദ്കുമാറിന് പരാതി നൽകി.
ഇദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് കിഴക്കൻ മേഖല ഡി വൈഎസ്‌പി  എം കെ മനോജിന്റെ നേതൃത്വത്തിലുള്ള വിജിലൻസ്‌ സംഘമാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.  പ്രതിയെ ശനിയാഴ്‌ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
 
 
പ്രധാന വാർത്തകൾ
 Top