കുറവിലങ്ങാട്
വികസനത്തിനൊരു തുടർച്ചവേണമെന്ന് ചിന്തിക്കുകയാണ് കുറവിലങ്ങാട് ഡിവിഷനിലെ വോട്ടർമാർ. ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് സഖറിയാസ് കുതിരവേലി പ്രതിനിധീകരിച്ച ഡിവിഷനിൽ 11 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് വിവിധ മേഖലകളിൽ അഞ്ചുവർഷത്തിനുള്ളിൽ നടപ്പാക്കിയത്. ചരിത്രവും ഐതീഹ്യവും കൈകോർക്കുന്ന ‘കുറവില്ലാത്തനാട് ’ എന്നറിയപ്പെടുന്ന കുറവിലങ്ങാട് മുമ്പും ഇടതുപക്ഷ വേരോട്ടമുള്ള മണ്ണാണ്. ഇടതുപക്ഷത്തേക്ക് കേരള കോൺഗ്രസ് എം കൂടി എത്തിയതോടെ ഇടതുതേരോട്ടത്തിന് ഉർജം പകരുമെന്നുറപ്പായി.
കേരള കോൺഗ്രസുകാരുടെ തണലിലായിരുന്നു യുഡിഎഫ് കഴിഞ്ഞതവണ പല പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയത്.
ഗവ. ഹയർസെക്കൻഡറി വിദ്യാലയങ്ങളായ കാണക്കാരി, കടപ്പൂര്, വയലാ എന്നിവ ഹൈടെക് ആക്കാൻ മൂന്നുകോടിയിലേറെ രൂപയും വിവിധ കുടിവെള്ള പദ്ധതികൾക്കായി രണ്ടുകോടിയും തോട്ടുവാ, കല്ലമ്പാറ എന്നിവിടങ്ങളിൽ വയോജന വിശ്രമകേന്ദ്രങ്ങളുടെ നിർമാണം, ഗ്രാമീണ റോഡുകളുടെ ടാറിങ്, പ്രധാന ജങ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം എന്നിങ്ങനെ വികസന വേലിയേറ്റമാണ് കുറവിലങ്ങാടിന് ലഭിച്ചത്. ഇതിനൊരു തുടർച്ചയ്ക്ക് എൽഡിഎഫിലെ നിർമലാ ജിമ്മി ജനവിധി തേടുന്നു. 2010--15 കാലത്ത് ജില്ലാ പഞ്ചായത്തിൽ രണ്ടരവർക്കാലം പ്രസിഡന്റായ നിർമലാ ജിമ്മി ഭരണപാടവത്തിലും മുന്നിലാണ്. 1995--‐2000 കാലത്ത് ളാലം ബ്ലോക്കിൽ പ്രസിഡന്റായിരുന്നു. കേരള വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവിൽ കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയംഗവുമാണ്.
കുറവിലങ്ങാട്, കാണക്കാരി, കടപ്ലാമറ്റം പഞ്ചായത്തുകളും മാഞ്ഞൂർ പഞ്ചായത്തിലെ 11 വാർഡുകളും ഉൾപ്പെടുന്നതാണ് കുറവിലങ്ങാട് ഡിവിഷൻ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മേരി സെബാസ്റ്റ്യനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുമ്പ് കടുത്തുരുത്തി ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുള്ള ലക്ഷ്മി ജയദേവാണ് ബിജെപി സ്ഥാനാർഥി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..