03 October Monday
മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു

കല്ലേറ്‌; വനിതാ ഡോക്ടറടക്കം 2 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

പോപ്പുലർ ഫ്രണ്ട് ഗുണ്ടകൾ തകർത്ത കുറിച്ചിയിലെ ശരവണ ഭവൻ ഹോട്ടൽ

ചങ്ങനാശേരി
ഹർത്താലിൽ ചങ്ങനാശേരി താലൂക്കിൽ പരക്കെ അക്രമം. ബസിന് നേരെയുണ്ടായ കല്ലേറിൽ ഏറ്റുമാനൂർ സ്വദേശിയും ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറുമായ അമല കെ ജോസഫിന് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽനിന്ന്‌ ജോലി കഴിഞ്ഞ് എറണാകുളം ബസിൽ ഏറ്റുമാനൂരിലെ വീട്ടിലേക്ക്‌ പോകുന്നതിനിടെയാണ് സംഭവം. ഹർത്താൽ അനുകൂലികൾ കുറിച്ചിയിൽവച്ച് ബസിന്റെ ചില്ലുകൾ എറിഞ്ഞുടച്ചു. ഈ ആക്രമണത്തിലാണ്‌ അമലയ്‌ക്ക്‌ പരിക്കേറ്റത്. കൈയ്‌ക്ക്‌ പൊട്ടലുണ്ട്‌. ഇവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലായിപടിയിൽ പാലാ സൂപ്പർഫാസ്റ്റിന് നേരെയുണ്ടായ കല്ലേറിൽ പാലാ ഡിപ്പോയിലെ ഡ്രൈവർ ബാബുവിന് പരിക്കേറ്റു. കല്ലേറിൽ ചിതറിത്തെറിച്ച ഗ്ലാസിന്റെ ചില്ല് തറച്ച് കണ്ണിനാണ്‌ പരിക്കേറ്റത്‌. ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിലെ 44 ബസുകളിൽ 20 എണ്ണം സർവീസ് നടത്തിയെങ്കിലും വ്യാപക ആക്രമണത്തെ തുടർന്ന് രാവിലെ തന്നെ നിർത്തിവച്ചു. വൈകിട്ട്‌ അഞ്ചിന് ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. എംസി റോഡിൽ കുറിച്ചി ഔട്ട്‌പോസ്റ്റ്, തുരുത്തി പുന്നംമൂട്, മന്ദിരം കവല എന്നിവിടങ്ങളിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്ക് നേരെയും കല്ലേറുണ്ടായി. കാലായിൽപ്പടിയിൽ പാലാ സൂപ്പർ ഫാ​സ്റ്റിന് നേരെയും കുറിച്ചിയിൽ എറണാകുളം സൂപ്പർഫാസ്റ്റിന് നേരെയും മന്ദിരം കവലയിൽ കാവലത്തിന് പോയ ഓർഡിനറി ബസിന് നേരെയുമാണ് ആക്രമണമുണ്ടായത്. 
കുറിച്ചി ഔട്ട്‌പോസ്റ്റ് ജങ്ഷനിലെ ശരവണ ഹോട്ടലിന് നേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയ രണ്ട‍ുപേരാണ് ആക്രമണം നടത്തിയത്. ഇതി​ന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. മേഖലയിൽ കടകൾ, ഹോട്ടൽ, വ്യാപാരസ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ തുടങ്ങിയവയെല്ലാം അടഞ്ഞുകിടുന്നു. സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നടത്തിയില്ല. തുറന്ന കടകൾ ഹർത്താൽ അനുകൂലികൾ നിർബന്ധപൂർവം അടപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top