03 August Tuesday

കോവിഡ്: ഇളവുകളും നിയന്ത്രണങ്ങളും പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

 കോട്ടയം

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിൽ വരുന്ന  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ  ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇളവുകൾ അനുവദിച്ചും  കലക്ടർ എം അഞ്ജന ഉത്തരവിട്ടു. ജൂൺ 30 വരെ ഈ നിയന്ത്രണം തുടരും. സംസ്ഥാന സർക്കാർ  അനുവദിച്ച ഇളവുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ക്രമീകരണങ്ങൾ. ഓരോ കാറ്റഗറിയിലും അനുവദിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇതോടൊപ്പം തുടരും. 
ടിപിആർ എട്ടു ശതമാനത്തിൽ താഴെയുള്ള എ കാറ്റഗറിയിൽ ജില്ലയിലെ 37 തദ്ദേശ സ്ഥാപനങ്ങളും പോസിറ്റിവിറ്റി എട്ടിനും 16നുമിടയിലുള്ള ബി കാറ്റഗറിയിൽ 34ഉം 16നും 24നുമിടയിലുള്ള സി കാറ്റഗറിയിൽ അഞ്ചും മേഖലകളുണ്ട്. ടിപിആർ 24നു മുകളിൽ നിൽക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയിൽ വാഴപ്പള്ളി പഞ്ചായത്ത് മാത്രമാണുള്ളത്‌. 24 ശതമാനത്തിനു മുകളിലാണ്‌ ഇവിടെ പോസിറ്റിവിറ്റി നിരക്ക്‌. 
 കാറ്റഗറി എ (എട്ടു ശതമാനത്തിൽ  താഴെ)
ഞീഴൂർ, നീണ്ടൂർ, വെളിയന്നൂർ, കാണക്കാരി-, കല്ലറ, വെള്ളാവൂർ, വെള്ളൂർ, തലപ്പലം-, രാമപുരം-, മീനടം-, മീനച്ചിൽ, ഉഴവൂർ, കടനാട്, തലയാഴം-, മണിമല, വൈക്കം-, മറവന്തുരുത്ത്-, എലിക്കുളം-, കുറവിലങ്ങാട്, പാലാ-, ഏറ്റുമാനൂർ, ടിവി പുരം, കോട്ടയം, എരുമേലി, ഭരണങ്ങാനം, തിരുവാർപ്പ്-, കാഞ്ഞിരപ്പള്ളി-, മുളക്കുളം-, കുമരകം, മരങ്ങാട്ടുപിള്ളി-, ആർപ്പൂക്കര, കിടങ്ങൂർ, തീക്കോയി-, പാറത്തോട്, മണർകാട്, കങ്ങഴ, ചെമ്പ്.
കാറ്റഗറി ബി (എട്ട്‌–- 16 ശതമാനത്തിനും മധ്യേ)
കറുകച്ചാൽ, ചിറക്കടവ്, തലനാട്-, നെടുംകുന്നം, മുണ്ടക്കയം-, മുത്തോലി-, പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം-, തിടനാട്, അകലക്കുന്നം, വിജയപുരം-, പുതുപ്പള്ളി, ചങ്ങനാശേരി-, മാഞ്ഞൂർ-, അതിരമ്പുഴ, കരൂർ, കടപ്ലാമറ്റം, പള്ളിക്കത്തോട്, കോരുത്തോട്, അയർക്കുന്നം, കൂരോപ്പട, മേലുകാവ്-, പൂഞ്ഞാർ, വാകത്താനം, പാമ്പാടി-, മൂന്നിലവ്, വാഴൂർ, തൃക്കൊടിത്താനം, പനച്ചിക്കാട്, അയ്മനം, കൊഴുവനാൽ, കൂട്ടിക്കൽ, പായിപ്പാട്, തലയോലപ്പറമ്പ്-, 
കാറ്റഗറി സി (16–- 24 ശതമാനത്തിന്‌ മധ്യേ)
വെച്ചൂർ, മാടപ്പള്ളി-, കുറിച്ചി, ഈരാറ്റുപേട്ട, കടുത്തുരുത്തി-
 
ഓരോ മേഖലയിലും അനുവദനീയമായ പ്രവർത്തനങ്ങൾ
കാറ്റഗറി എ, ബി മേഖലകളിലെ പൊതു ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കാം. ബാക്കിയുള്ളവർക്ക്‌ വർക്ക് ഫ്രം ഹോം അനുവദിക്കാം. സി കാറ്റഗറിയിൽ 25 ശതമാനം ജീവനക്കാരെ അനുവദിക്കും. മറ്റുള്ളവർക്ക്‌ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാം. എ, ബി, സി കാറ്റഗറികളിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിലവിലുള്ള പ്രവർത്തിദിവസങ്ങൾക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ്/ അക്കൗണ്ട് ജോലികൾക്കായി  പ്രവർത്തിക്കാം. പൊതുജനങ്ങൾക്ക് ഈ ദിവസങ്ങളിൽ പ്രവേശനമില്ല. എ, ബി കാറ്റഗറികളിൽ ഉൾപ്പെടുന്ന  ആരാധനാലയങ്ങളിൽ പരമാവധി 15 പേരെ കുറഞ്ഞസമയത്തേക്ക് പ്രവേശിപ്പിക്കാം.  
ഡി കാറ്റഗറി മേഖലയിൽ അടിയന്തര അവശ്യ സേവനങ്ങളിൽപ്പെട്ട കേന്ദ്ര, സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം. അടിയന്തര അവശ്യ സേവനങ്ങളിൽപ്പെട്ടതും 24 മണിക്കൂറും പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും  മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യസാധന (പലചരക്ക്) വിൽപ്പന ശാലകൾ, പഴം പച്ചക്കറി കടകൾ, പാൽ ഉൽപാദന വിതരണ കേന്ദ്രങ്ങൾ, കള്ളുഷാപ്പുകൾ, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴുവരെ പ്രവർത്തിക്കാം.  മറ്റ് വ്യാപാരസ്ഥാപനങ്ങൾക്ക്  പ്രവർത്തനാനുമതിയില്ല. ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതൽ വൈകിട്ട്‌ ഏഴു വരെ പ്രവർത്തിക്കാം. ദീർഘദൂര ബസ് സർവീസുകൾ, പൊതുഗതാഗതം, ചരക്കു വാഹനങ്ങൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.
 രോഗികൾ, അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും. ലോക്ക് ഡൗൺ കാലയളവിൽ അനുവദനീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സൈറ്റ് എൻജിനീയർമാർ/ സൂപ്പർവൈസർമാർ എന്നിവർക്ക് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡോ അതത് സ്ഥാപനങ്ങൾ നൽകിയ അനുമതിപത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കുംയാത്ര ചെയ്യാം. നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ എസ്എച്ച്ഒ  യുടെ അനുമതി വാങ്ങണം.
ഡി കാറ്റഗറിയിലെ തദ്ദേശ സ്ഥാപന മേഖലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് റൂം ഐസൊലേഷൻ സൗകര്യമുണ്ടെന്ന് ആർആർടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളിൽ തുടരുവാൻ അനുവദിക്കൂ. വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇവരെ നിർബന്ധമായും ഡൊമിസിലിയറി കെയർ സെൻററുകളിലേക്കോ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.
നിയന്ത്രണങ്ങൾ  കൃത്യമായി  പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെയും  ഇൻസിഡൻറ് കമാൻഡർമാരെയും ചുമതലപ്പെടുത്തി.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top