19 October Saturday
രോഗിയായ ഗൃഹനാഥനും യുവാവിനും പരിക്ക‌്

തിരുവാതുക്കലിൽ കഞ്ചാവ്‌ മാഫിയയുടെ വടിവാൾ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

 കോട്ടയം

തിരുവാതുക്കലിൽ മാരകായുധങ്ങളുമായി എത്തിയ കഞ്ചാവ‌് മാഫിയ വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ രോഗിയായ ഗൃഹനാഥനും അയൽവാസിയായ യുവാവിനും പരിക്കേറ്റു. തിരുവാതുക്കൽ മാന്താറ്റിൽ പ്രീമിയർ കോളേജിനുസമീപം കളത്തൂത്തറ വീട്ടിൽ മെഹബൂബ്(70), തിരുവാതുക്കൽ തൊണ്ടിയിൽ വീട്ടിൽ കാർത്തിക്ക‌്(24)‌ എന്നിവർക്കാണ‌് പരിക്കേറ്റത‌്.  ഇരുവരും മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലാണ‌്. കാർത്തിക്കിന്റെ തലയ‌്ക്ക‌് വടിവാൾ ഉപയോഗിച്ച‌് വെട്ടുകയായിരുന്നു. നട്ടെല്ലിന‌് പരിക്കേറ്റ‌് വീട്ടിൽ വിശ്രമിച്ചിരുന്ന മെഹബൂബിനെ കമ്പിവടിയും പട്ടിക കഷണവും ഉപയോഗിച്ചാണ‌് ആക്രമിച്ചത‌്. 
 
   ഞായറാഴ‌്ച വൈകിട്ട‌് നാലരയോടെയായിരുന്നു സംഭവം. രണ്ടംഗസംഘം ബൈക്കിൽ കളത്തൂത്തറ വീട്ടിൽ എത്തുമ്പോൾ കാർത്തിക‌് ഇവിടെ നിൽപ്പുണ്ടായിരുന്നു. അൽപം മുമ്പോട്ട‌് ബൈക്കിൽ പോയസംഘം തിരിച്ച‌് വന്ന‌് കാർത്തിക്കിന്റെ മുഖത്തേക്ക‌് കുരുമുളക‌് സ‌്പ്രേ അടിച്ചു മർദ്ദിച്ചു. പിന്നീട‌് കമ്പിവടിയും വടിവാളും അടക്കമുള്ള മാരകായുധങ്ങളുമായി പത്തോളം വരുന്ന സംഘം മെഹബൂബിന്റെ മകൻ ഹാജ ഹുസൈനെ തിരക്കി വീടിനുള്ളിലേക്ക‌് പാഞ്ഞുകയറി. ഈസമയം വീട്ടിൽ ഉണ്ടായിരുന്ന മെഹബൂബിനെ ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും അകത്തുണ്ടായിരുന്ന സാധനങ്ങളും തല്ലിത്തകർത്തു. വീട്ടുമുറ്റത്തിരുന്ന ആക‌്ടിവ അടിച്ചു തകർത്തു. മെഹബൂബിന്റെ ഭാര്യ സലീനയെ സംഘം കസേര ഉപയോഗിച്ച‌് ആക്രമിച്ചു. ഇത‌് കണ്ട‌് നാട്ടുകാർക്കൊപ്പം ഓടിയെത്തിയ കാർത്തിക്കിനെ വടിവാളിന‌് വെട്ടുകയായിരുന്നു. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ സംഘം കാറിൽ രക്ഷപ്പെട്ടു. 
സംഘാംഗങ്ങളായ യുവാക്കളും പ്രദേശവാസികളുമായി കഴിഞ്ഞദിവസം സംഘർഷമുണ്ടായിരുന്നു. മാന്താറ‌് ഭാഗത്തുനിന്ന‌് കഞ്ചാവ‌് വാങ്ങാനായി പുറത്തുനിന്ന‌് യുവാക്കൾ എത്തി.  കഞ്ചാവ‌് വലിക്കുന്നത‌് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ താക്കീത‌് ചെയ‌്തു. രാത്രി ഇത‌് ചോദിക്കാൻ എത്തിയ സംഘത്തിന്റെ ബൈക്കുകളും ഫോണുകളും നാട്ടുകാർ പൊലീസിന‌് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായാണ‌് ഞായറാഴ‌്ചത്തെ ആക്രമണം.
വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ എം ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച വാൾ സമീപത്തുള്ള തോട്ടിൽ നിന്നും  കമ്പിവടി സമീപത്തെ പറമ്പിൽ നിന്നും കണ്ടെടുത്തു. വെസ്റ്റ് പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപവീട്ടിൽനിന്ന‌് പൊലീസ‌് ശേഖരിച്ചു. ഒരാളെ കസ‌്റ്റഡിയിൽ എടുത്തു.
പ്രദേശത്ത് കഞ്ചാവ് മാഫിയ സ്ഥിരമായി എത്തുന്നതായി നാട്ടുകാർ പറയുന്നു. വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നതായും പരാതി ഉണ്ട‌്. കഴിഞ്ഞമാസം ഇതേസ്ഥലത്ത‌്നിന്ന‌് വീട്ടുമുറ്റത്ത‌് കളിച്ചുകൊണ്ടിരുന്ന പത്ത‌് വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു. ഇതിന്റെ പിന്നിലും കഞ്ചാവ‌് സംഘമാണെന്ന‌് നാട്ടുകാർ ആരോപിച്ചു.
 
പ്രധാന വാർത്തകൾ
 Top