21 February Friday
സംസ്ഥാന നേതൃത്വവും രണ്ട്‌ തട്ടിൽ

പ്രസിഡന്റിനെ നിശ്‌ചയിക്കാനാവാതെ ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
കോട്ടയം
ജില്ലാ ഘടകത്തിലെ ഗ്രൂപ്പ്‌ പോരും ഭിന്നതയും അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാവാതെ ബിജെപി സംസ്ഥാന നേതൃത്വം കുഴങ്ങുന്നു. നിലവിലുള്ള ജില്ലാ പ്രസിഡന്റ്‌ എൻ ഹരിയുടെ നേതൃത്വത്തിൽ പാലാ തെരഞ്ഞടുപ്പിൽ വോട്ടുകച്ചവടം നടത്തിയെന്ന പരാതി വരെ വീണ്ടും ചർച്ചയാവുകയാണ്‌. പല ജില്ലകളിലും പ്രസിഡന്റുമാർ സ്ഥാനമേറ്റു കഴിഞ്ഞു. എൻ കൃഷ്‌ണദാസ്‌ പക്ഷക്കാരനായ ഹരി അധ്യക്ഷസ്ഥാനത്ത് വീണ്ടും തുടരാൻ ശ്രമം നടത്തുമ്പോൾ ഇയാളെ മാറ്റണമെന്ന വാദവുമായാണ് വി മുരളീധര വിഭാഗം ശക്തമായി രംഗത്ത് വന്നിട്ടുള്ളത്‌. നിയോജകമണ്ഡലം ഭാരവാഹികളിൽ ഭൂരിഭാഗംപേരും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ കൂടുതൽ പേരും ഹരിയെ മാറ്റണമെന്ന അഭിപ്രായക്കാരാണ്‌. നേരത്തെ ഒട്ടേറെ പരാതികളും സസ്ഥാന നേതൃത്വത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 
ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ വോട്ട് മറിച്ചു വിറ്റതായുമുള്ള പരാതികളിൽ ഒരുവിഭാഗം അന്വേഷണം  മുക്കിയെന്നും ആക്ഷേപമുണ്ട്‌. പാലായിൽ കേരളാ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ ബിനു പുളിക്കക്കണ്ടം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ നിന്നും രാജിവച്ചിരുന്നു. 
ഹരിക്ക് പകരമായി സുരേന്ദ്രൻ പക്ഷക്കാരനായ ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാലിന്റെ പേരാണ്‌ ഉയർന്നുവരുന്നത്‌. ജില്ലാ ജനറൽ സെക്രട്ടറിയും വൈക്കം മണ്ഡലത്തിന്റെ ചുമതലയുമുള്ള പി ജി ബിജുകുമാറിന്റെയും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എൻ കെ ശശികുമാറിന്റേയും പേര്‌ ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ലിജിനാണ്‌ മുൻതൂക്കം. ബിഡിജെഎസിന് സ്വാധീനമുള്ള ജില്ലയിൽ അവരുടെ കൂടി താൽപര്യം പരിഗണിക്കണമെന്നും നിർദേശമുണ്ട്‌. എന്നാൽ ഹരിയോട്‌ ഇവർക്ക്‌ താൽപര്യം ഇല്ലന്നൊണ്‌ മറുവിഭാഗം ആരോപിക്കുന്നത്‌.
 
 
പ്രധാന വാർത്തകൾ
 Top