26 January Wednesday

ഇന്ധനക്കൊള്ള: സിപിഐ എം 
ജനകീയ സമരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
കോട്ടയം
പെട്രോൾ, ഡീസൽ, പാചകവാതക വില വർധനക്കെതിരെ രാജ്യമാകെ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്‌ച ജില്ലയിൽ സിപിഐ എം സത്യഗ്രഹം നടത്തും. എല്ലാ ഏരിയ കേന്ദ്രങ്ങളിലും ജില്ലാകേന്ദ്രത്തിലും രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിലാണ്‌ സമരം. 200 പേർ വീതം ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കും. സമരം വൻ വിജയമാക്കണമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. ജനപ്രതിനിധികളും പ്രധാനപ്പെട്ട പ്രവർത്തകരും നേതൃത്വംനൽകും. ബ്രാഞ്ചുകളിൽനിന്ന്‌ പ്രകടനമായെത്തി സമരത്തെ അഭിവാദ്യംചെയ്യും.
 ഇന്ധനവില കൂട്ടുന്നത് കേന്ദ്രസർക്കാരാണെങ്കിലും അതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്‌. ഇന്ധനവിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ തന്നെ വർധിപ്പിച്ച തുക കുറയ്‌ക്കണമെന്നാണ്‌ സിപിഐ എം നിലപാട്. കേരളത്തിൽ ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ ഒരു പൈസ പോലും വർധിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ 13 തവണ ഇന്ധനനികുതി വർധിപ്പിച്ചു. കോവിഡുകാലത്ത്‌ ദുരിതത്തിലായ ജനങ്ങളെ ഇന്ധനവില വർധനയിലൂടെ ദ്രോഹിക്കരുതെന്ന നിലപാടാണ്‌ സംസ്ഥാന സർക്കാരിനുള്ളത്‌. ഇത്‌ മറച്ചുവച്ച്‌ ഇടതുപക്ഷ സർക്കാരിനെതിരെ കള്ളപ്രചാരണം നടത്തുകയാണ്‌ യുഡിഎഫും ബിജെപിയും.  
 വിവിധ കേന്ദ്രങ്ങളിലെ ഉദ്‌ഘാടകർ ചുവടെ: കോട്ടയം -–- കെ ജെ തോമസ്, ഏറ്റുമാനൂർ –- അഡ്വ. കെ സുരേഷ് കുറുപ്പ്, അയർക്കുന്നം –- അഡ്വ. റെജി സഖറിയ, വൈക്കം –- സി ജെ  ജോസഫ്,  കടുത്തുരുത്തി–- കെ എം രാധാകൃഷ്‌ണൻ, പാലാ – ടി - ആർ രഘുനാഥൻ, പൂഞ്ഞാർ –- ലാലിച്ചൻ ജോർജ്, കാഞ്ഞിരപ്പള്ളി – -പി എൻ പ്രഭാകരൻ, വാഴൂർ –- വി പി ഇബ്രാഹിം, പുതുപ്പള്ളി –-പ്രൊഫ. എം ടി ജോസഫ്, ചങ്ങനാശേരി -–- അഡ്വ. കെ അനിൽകുമാർ. 
കോട്ടയത്ത്‌  തിരുനക്കര ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ നടക്കുന്ന സമരത്തിൽ ജില്ലാ സെക്രട്ടറി എ വി റസൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top