30 November Monday

അശോകന്റെ ചുവരെഴുത്ത്‌ ഇക്കുറി സ്വന്തം പേരിൽ

സിബി ജോർജ്‌Updated: Monday Nov 23, 2020

കുമരകം 14 ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി കെ പി അശോകൻ ചുവരെഴുതുന്നു

 കോട്ടയം

ഏത്‌ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ സ്ഥാനാർഥികൾക്കുവേണ്ടി കുമരകത്ത്‌ ചുവരെഴുതുന്ന കെ പി അശോകന്‌ ആ പതിവ്‌ തെറ്റിയില്ല. ഇത്തവണ ബ്രഷും ചായവും കൈയിലെടുത്തത്‌ തന്റെ പേര്‌ ചുവരിൽ എഴുതാനാണെന്ന്‌ മാത്രം. കുമരകത്ത്‌ 14-ാം വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർഥിയാണ്‌ കെ പി അശോകൻ(62). 
വീടുകൾ കയറി വോട്ടുചോദിക്കുന്ന തിരക്കിലാണെങ്കിലും എഴുതി തീർക്കാതെ പ്രചാരണം കൊഴുക്കില്ലെന്ന്‌ നന്നായറിയാവുന്ന സ്ഥാനാർഥിയാണ്‌ അദ്ദേഹം. അതുകൊണ്ടുതന്നെ വാർഡിന്റെ പല ഭാഗത്തും രാത്രിയിലോ പകലോ കിട്ടുന്ന സമയം വിനിയോഗിച്ച്‌ ചുവരെഴുത്ത്‌ പൂർത്തിയാക്കുകയാണ്‌. മറ്റ്‌ സ്ഥാനാർഥികൾക്ക്‌ വേണ്ടിയും ചുവരെഴുതാൻ അദ്ദേഹത്തിന്‌ മടിയില്ല. സിപിഐ എം കുമരകം സൗത്ത്‌ ലോക്കൽ കമ്മിറ്റിയംഗമായ കെ പി അശോകൻ ഇതിനു മുമ്പ്‌ ഒരുതവണയാണ്‌ മത്സരിച്ചത്‌. 2010ലെ തെരഞ്ഞെടുപ്പിൽ 13-ാം വാർഡിൽ നിന്ന്‌. മികച്ച ഭൂരിപക്ഷം നൽകിയാണ്‌ അശോകനെ വിജയിപ്പിച്ചത്‌. 
എല്ലാ വീടുകളുമായുള്ള സ്‌നേഹസൗഹൃദമാണ്‌ അശോകനെ 14-ാംവാർഡിലും പ്രിയങ്കരനാക്കുന്നത്‌. ചുവരെഴുത്തിൽ താൻ കൈവയ്‌ക്കുന്നത്‌ 1982ൽ ഡിവൈഎഫ്‌ഐക്ക്‌ വേണ്ടിയാണെന്ന്‌ അശോകൻ ഓർക്കുന്നു. കുമരകത്തെ‌ ചുമട്ടുതൊഴിലാളി യൂണിയൻ(സിഐടിയു) സെക്രട്ടറി, പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റ്‌, ഭവനനിർമാണ സഹകരണ സംഘം ഡയറക്ടർ ബോർഡ്‌ അംഗം എന്നീ ചുമതലകളും നിർവഹിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top