15 November Friday

കള്ളന്മാരേ സൂക്ഷിച്ചോ....

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 കോട്ടയം

മോഷണം നടന്നാൽ നിമിഷങ്ങൾക്കകം മോഷ്ടാക്കളെ പിടികൂടാൻ ഉപകരിക്കുന്ന സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ്‌ സിസ്റ്റം (സിഐഎംഎസ്) ജില്ലയിലും പ്രവർത്തനസജ്ജമാകുന്നു. മോഷ്ടാക്കൾ കടന്നാലുടൻ പൊലീസ് കൺട്രോൾ റൂമിൽ അപായമുന്നറിയിപ്പ്‌ നൽകുന്ന സംവിധാനമാണ്‌ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ്‌ സിസ്റ്റം. വീടുകൾ, ഹോട്ടലുകൾ, ജ്വല്ലറികൾ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം പ്രയോജനപ്പെടുത്താം. ക്യാമറയും സെൻസറും കൺട്രോൾ പാനലും ഉൾപ്പെടുന്ന സംവിധാനമാണിത്. ആഭ്യന്തരവകുപ്പ്‌ കെൽട്രോണുമായി സഹകരിച്ചുനടപ്പാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ കോഴിക്കോട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിൽ നടപ്പാക്കിയിരുന്നു. പ്രതിമാസം 500 രൂപയ്ക്കു ലഭ്യമാകുന്ന രീതിയിലാണു സേവനം ഒരുക്കിയിരിക്കുന്നത്. സിഐഎംഎസ് സംവിധാനം സ്ഥാപിച്ച സ്ഥലങ്ങളിൽ കള്ളൻമാരോ അക്രമികളോ കയറിയാൽ ഞൊടിയിടയിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശം ലഭിക്കും. മൂന്നു മുതൽ ഏഴു സെക്കൻഡിനുള്ളിൽ വീഡീയോ ഉൾപ്പെടെയുള്ള വിവരമാണു ലഭ്യമാകുക. വൈദ്യുതി, ഇന്റർനെറ്റ് സംവിധാനം കള്ളൻ  വിഛേദിച്ചാലും വിവരം ലഭിക്കുന്ന രീതിയിലാണു ക്രമീകരണം.വിവരമറിയുന്ന ഉടൻ സംഭവസ്ഥലത്തു പൊലീസ് എത്തി സ്വമേധയാ എഫ്ഐആർ രജിസ്റ്റർചെയ്തു കേസെടുക്കുന്ന രീതിയിലാണു സംവിധാനം പ്രവർത്തിക്കുക. സംസ്ഥാനത്തെയും രാജ്യത്തെയും മോഷ്ടാക്കളുടെയും അക്രമികളുടെയും ഗുണ്ടകളുടെയും ചിത്രം സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടുള്ള  ഫെയ്സ് റക്കഗ്നിഷൻ ക്യാമറാ സംവിധാനത്തിൽ റെക്കോഡ്‌ ചെയ്‌തിട്ടുള്ളതിനാൽ എളുപ്പത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.ഇന്റർനെറ്റ്, സിം കാർഡ് എന്നിവയുടെ സഹായത്തോടെയാണു സെൻട്രൽ ഇൻട്രൂഷൻ മോണിട്ടറിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. സംവിധാനം നടപ്പാക്കാൻ നിശ്ചിത തുക വകുപ്പ് ഈടാക്കും. 500 മുതൽ 2000 രൂപവരെയാണു പ്രതിമാസം നൽകേണ്ടത്. മോഷണത്തിനുമുമ്പ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അധികസുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.സൈബർ ഹാക്കിങ്‌ പറ്റാത്ത തരത്തിലുള്ള സംവിധാനത്തിലെ ഏതെങ്കിലും ക്യാമറയോ സെൻസറോ പ്രവർത്തനരഹിതമായാൽ അപ്പോൾ തന്നെ കൺട്രോൾ റൂമിൽ വിവരം അറിയാം.  സംവിധാനത്തിന്റെ പ്രദർശനവും വിശദീകരണവും ജില്ലാ പൊലീസ് മേധാവി പി എസ് സാബു ഉദ്ഘാടനംചെയ്തു. കെൽട്രോൺ അസിസ്റ്റന്റ് മാനേജർ ബെൻസൺ പദ്ധതി വിശദീകരിച്ചു. കോട്ടയം ഡിവൈഎസ്‌പി  ആർ  ശ്രീകുമാർ അധ്യക്ഷനായി. ജില്ലയിലെ മുഴുവൻ സിഐമാരും ഉൾപ്പെട്ട സദസ്സിലാണ്‌ പദ്ധതി വിശദീകരിച്ചത്.
 
പ്രധാന വാർത്തകൾ
 Top