20 November Wednesday
വൈദ്യുതി പ്രശ്‌നം പരിഹരിച്ചു

ചെങ്ങളത്തുനിന്ന്‌ പമ്പിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 കോട്ടയം

ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിനുശേഷം ചെങ്ങളം കുന്നുംപുറത്തെ ജലശുദ്ധീകരണശാലയിൽനിന്ന്‌ ജലഅതോറിറ്റി പമ്പിങ്‌ ആരംഭിച്ചു. കുമരകം, തിരുവാർപ്പ്‌ പഞ്ചായത്തുകളിലാണ്‌ കുടിവെള്ളം മുടങ്ങിയത്‌. വിച്ഛേദിച്ച കണക്ഷൻ കെഎസ്‌ഇബി പുനഃസ്ഥാപിച്ചതോടെയാണ്‌ പമ്പിങ്‌ ആരംഭിച്ചത്‌. ജലശുദ്ധീകരണശാലയിലേക്ക്‌ വൈദ്യുതി നൽകുന്ന സിടിപിടി യൂണിറ്റ്‌ കഴിഞ്ഞ ജൂലൈയിൽ കത്തിപ്പോയതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. സിടിപിടി യൂണിറ്റ്‌ ജലഅതോറിറ്റി നേരിട്ട്‌ സ്ഥാപിക്കുന്നതാണ്‌. നാലുലക്ഷം രൂപയോളമാണ്‌ ഇവ മാറ്റി സ്ഥാപിക്കാനുള്ള ചെലവ്‌. പുതിയത്‌ സ്ഥാപിക്കുന്നതുവരെ കെഎസ്‌ഇബി നേരിട്ട്‌ വൈദ്യുതി നൽകി. നിശ്‌ചിത കാലാവധിക്കകം സിടിപിടി മാറ്റിസ്ഥാപിക്കുമെന്ന ഉറപ്പിലായിരുന്നു ഈ ധാരണ.  എന്നാൽ കഴിഞ്ഞ ദിവസം ഇടിമിന്നലിൽ വൈദ്യുതി കടത്തിവിടുന്ന കേബിളുകളെല്ലാം കത്തിപ്പോയി.  പുതിയ കേബിളുകൾ ഇട്ടപ്പോഴാണ്‌ കരാർ കാലാവധി കഴിഞ്ഞെന്ന കാരണത്താൽ കെഎസ്‌ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്‌. ഇതോടെ ഒരാഴ്‌ചയായി രണ്ടുപഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങി. മിക്ക വീടുകളിലും വെള്ളം കയറിയതിനാൽ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. ദുരിതസാഹചര്യം കണക്കിലെടുത്ത്‌ ജലഅതോറിറ്റി അധികൃതർ കെഎസ്‌ഇബിയുമായി ബന്ധപ്പെട്ട്‌ കണക്ഷൻ പുനഃസ്ഥാപിക്കാൻ അനുമതി വാങ്ങുകയായിരുന്നു. പുതിയ സിടിപിടി യൂണിറ്റ്‌ വാങ്ങാൻ നടപടി സ്വീകരിച്ചതായി ജലഅതോറിറ്റി എഎക്‌സ്‌ ഇ കെ സുരേഷ്‌ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top