28 September Tuesday

രാജമ്മയ്ക്കിത് പുതുജീവൻ രക്ഷകരായത്‌ 
ഡിവൈഎഫ്‌ഐ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
കോട്ടയം
മരണവുമായി മല്ലിട്ട്‌ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ ചമ്പക്കര സ്വദേശി രാജമ്മ(82) ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ്‌. കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട രാജമ്മയെ രക്ഷിച്ചത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌. സാഹസികമായി വയോധികയെ കരയിലെത്തിച്ച രക്ഷാപ്രവർത്തകർക്ക്‌ നാനാഭാഗങ്ങളിൽനിന്നും അഭിനന്ദന പ്രവാഹമാണ്‌. 
 ഡിവൈഎഫ്‌ഐ ചുങ്കം യൂണിറ്റ്‌ പ്രസിഡന്റ്‌ മാങ്ങാപ്പള്ളിമാലിയിൽ എം ആർ ബിബിൻ, യൂണിറ്റംഗം എം ടി ധനേഷ്‌, അയൽവാസി   മാനിക്കാട്ടുമാലിയിൽ മനോഹരൻ(കുഞ്ഞുമോൻ) എന്നിവരാണ്‌ ഒഴുക്കിൽപ്പെട്ട രാജമ്മയെ വള്ളത്തിലെത്തി രക്ഷിച്ച്‌ കരയിൽ എത്തിച്ചത്‌.   
 നാഗമ്പടം സെന്റ്‌ ആന്റണീസ്‌ പള്ളിയിലെത്തിയ രാജമ്മ കാലും മുഖവും കഴുകാൻ കടവിലെത്തിയപ്പോഴാണ്‌  കാൽവഴുതി വീണത്‌. ചുങ്കം പാലത്തിന്‌ നൂറുമീറ്റർ അകലെ കൈ ഉയർത്തി  ‘രക്ഷിക്കണേ’ എന്ന്‌ വിളിച്ചുപറഞ്ഞ  രാജമ്മയെ ബിബിന്റെ അമ്മ രമണി രാജൻ കണ്ടു. അമ്മ വിളിച്ചുകൂവുന്നതുകേട്ട്‌ ഓടിവന്ന ബിബിൻ വള്ളം തുഴഞ്ഞ്‌ രാജമ്മയ്‌ക്ക്‌ അരികിലെത്തി. 
മനോഹരനും ധനേഷും മറ്റൊരു വള്ളത്തിലും. രാജമ്മയുടെ കൈയിൽ പിടിത്തമിട്ടെങ്കിലും ഒഴുക്കും ചെറിയ വള്ളവുമായതിനാൽ കയറ്റാനായില്ല. പിന്നീട്‌ പാലത്തിനടുത്തെത്തിച്ച്‌ കടവിലേക്ക്‌ കയറ്റിയെന്ന്‌ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ ബിബിൻ പറഞ്ഞു.  
അഗ്‌നിശമന സേനയുടെ ആംബുലൻസിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിച്ച രാജമ്മ ബുധനാഴ്‌ച രാത്രിതന്നെ ആശുപത്രി വിട്ടു. ചുങ്കത്ത്‌ ഓട്ടോ ഡ്രൈവറാണ്‌ ബിബിൻ. ഭാര്യ ഷിന്റ. മക്കൾ: വിഷ്‌ണു, വിദ്യ. പഠനത്തിനുശേഷം പിഎസ്‌സി പരിശീലനത്തിലാണ്‌ ധനേഷ്‌. വില്ലൂന്നി വില്ലേജ്‌ ഓഫീസ്‌ അസിസ്‌റ്റന്റാണ്‌ മനോഹരൻ. 
 സംഭവമറിഞ്ഞ്‌ സിപിഐ എം ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ നേരിട്ടെത്തി മൂവരെയും അഭിനന്ദിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും അഭിനന്ദനപ്രവാഹമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top