കോട്ടയം
സംസ്ഥാന സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്(കെപിപിഎൽ) പൾപ്പ് നിർമിക്കാനാവശ്യമായ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് ഊർജം പകരുന്നതാണ് തീരുമാനം. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ അധീനതയിലുള്ള തോട്ടങ്ങളിൽനിന്ന് 24,000 മെട്രിക് ടൺ അസംസ്കൃത വസ്തുക്കളാണ് നൽകുക. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിർദേശം നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.
മൂന്നുവർഷത്തോളം അടഞ്ഞുകിടന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ്സ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കിയാണ് കടലാസിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കെപിപിഎൽ സ്ഥാപിച്ചത്. പത്രങ്ങൾക്കാവശ്യമായ ന്യൂസ്പ്രിന്റിന്റെ ഉൽപാദനവും ഇവിടെ തുടങ്ങി. ഇതിന് നിലവിൽ റീസൈക്കിൾഡ് പൾപ്പും ഇറക്കുമതി ചെയ്ത പൾപ്പുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ മാത്രമുപയോഗിച്ച് ഉൽപാദനം മുന്നോട്ടു കൊണ്ടുപോകാനാകില്ല. കൂടാതെ, ഇറക്കുമതി പൾപ്പിന് ടണ്ണിന് ഒരുലക്ഷം രൂപയെന്ന നിലയിൽ വില കുത്തനെ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൾപ്പിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇവിടെനിന്നു തന്നെ ലഭ്യമാക്കാൻ തീരുമാനിച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ള പത്രങ്ങളുമായി വരെ ന്യൂസ്പ്രിന്റ് വാങ്ങുന്നത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ കെപിപിഎൽ ആരംഭിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ള വിപണനത്തിന് തദ്ദേശീയമായ അസംസ്കൃത വസ്തുക്കൾ കൂടിയേ തീരൂ. വനംവകുപ്പ് ഇത് ലഭ്യമാക്കുന്നതോടെ ഉൽപാദനത്തിന്റെ കാര്യത്തിൽ കെപിപിഎൽ പുതിയ ഘട്ടത്തിലേക്ക് ചുവട്വയ്ക്കും.
ഇപ്പോൾ നടന്നുവരുന്ന പുനരുദ്ധാരണ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതോടെ കെപിപിഎല്ലിന് 42 ജിഎസ്എം, 45 ജിഎസ്എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റും നോട്ട്ബുക്ക്, അച്ചടി പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺ സർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപ്പറുകൾ എന്നിവയും ഉൽപാദിപ്പിക്കാൻ സാധിക്കും. ആകെ 46 മാസങ്ങളിലായി പൂർത്തീകരിക്കുന്ന നാലുഘട്ട പുനരുദ്ധാരണത്തിലൂടെ 3,000 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..