04 June Thursday
കുടിവെള്ളത്തിനായി നെട്ടോട്ടം

വറ്റി വരളുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

മീനച്ചിലാറിൽ  അമ്പാറ പാറക്കടവ് ഭാഗം വറ്റിവരണ്ട നിലയിൽ

കോട്ടയം  
കനത്ത ചൂട്‌ ജില്ലയിൽ ജലക്ഷാമം രൂക്ഷമാക്കുമെന്ന്‌ ആശങ്ക. ആറുകളിലും  തോടുകളിലും ജലനിരപ്പ്‌ താഴ്‌ന്നത്‌ ശുദ്ധജല ലഭ്യതയെ ബാധിച്ചു. വെള്ളം താഴ്‌ന്നതിനാൽ ജലഅതോറിറ്റി ചില കേന്ദ്രങ്ങളിൽ പമ്പിങ് നിർത്തി.  പടിഞ്ഞാറൻ മേഖലകളിൽ ജലക്ഷാമം നേരിട്ടു തുടങ്ങിയിട്ടില്ല. എന്നാൽ കിഴക്കൻ മേഖലകളിൽ വെള്ളത്തിനായി ഓട്ടം തുടങ്ങി.
ജല അതോറിറ്റിയുടെ പ്രധാന കേന്ദ്രങ്ങളിൽ ജലവിതരണത്തിന്‌ തടസം നേരിട്ടിട്ടില്ല. വെള്ളം കുറഞ്ഞതോടെ ചെറുകിട ജലസേചന പദ്ധതികളിൽപ്പെട്ട പുതുപ്പള്ളി, അതിരമ്പുഴ എന്നിവിടങ്ങളിൽ പമ്പിങ്‌ ഭാഗികമായി നിർത്തി. പുതുപ്പള്ളി പഞ്ചായത്തിൽ ആറ്‌ ചെറുകിട ജലസേചന പദ്ധതികളുണ്ട്‌. ആർപ്പൂക്കര, അയ്‌മനം, കുടമാളൂർ പ്രദേശങ്ങളിൽ വിതരണംചെയ്യുന്ന വെള്ളത്തിൽ ഇപ്പോൾതന്നെ ഉപ്പുരസമുണ്ട്‌. ഇത്‌ നിയന്ത്രിത അളവിൽ കൂടുമ്പോൾ  ജലവിതരണം നിർത്തേണ്ടി വരുമെന്ന്‌ ജലഅതോറിറ്റി അധികൃതർ പറയുന്നു. ഈ പ്രദേശങ്ങളിൽ സ്വകാര്യ ഏജൻസികൾ വെള്ളം വിൽപ്പന തുടങ്ങി. 
തീപിടിത്തം വില്ലനാകും  
 ദിനംപ്രതിയുള്ള തീപിടിത്തം ജലക്ഷാമം രൂക്ഷമാക്കും. ഇത്‌ മണ്ണിന്റെ ഉപരിതലത്തിലെ ഈർപ്പം വേഗം നഷ്ടപ്പെടുത്തി വരൾച്ചയ്‌ക്ക്‌ ആക്കം കുട്ടും. റബർ ടാപ്പിങ് നിർത്തിയതോടെ തോട്ടങ്ങളിൽ മണ്ണ്‌ ഇളക്കാത്തതിനാൽ മഴവെള്ളം ഇറങ്ങാതെ വരുന്നതും കുടിവെള്ള സ്രോതസുകളെ ബാധിക്കും. റബർ ഉപേക്ഷിച്ച്‌ കൈത കൃഷി തുടങ്ങിയ ഇടങ്ങളിൽ ജലാംശം പെട്ടെന്ന്‌ വലിയുന്നതും മണ്ണിന്റെ പശിമ നഷ്ടപ്പെടുന്നതും കുടിനീർ വറ്റാൻ കാരണമാകുന്നു.
കിഴക്കൻ മലയോരം വരളുന്നു
 കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി, എലിക്കുളം, മുണ്ടക്കയം, ചിറക്കടവ്, കോരുത്തോട്, മണിമല, കൂട്ടിക്കൽ, വെള്ളാവൂർ, കൊക്കയാർ, പെരുവന്താനം, പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി.  
ജല അതോറിറ്റിയുടെ കാഞ്ഞിരപ്പള്ളി കരിമ്പുകയം, എരുമേലി തെക്ക്, പാറത്തോട്, മുണ്ടക്കയം തുടങ്ങിയ ജലവിതരണ പദ്ധതികളുടെ പൈപ്പ്ലൈൻ പൊട്ടലും മറ്റ് തകരാറുകളും ജലവിതരണത്തെ ബാധിക്കുന്നു. ഗുണവും വൃത്തിയുമില്ലാത്ത വെള്ളം അമിതവിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയുമുണ്ട്‌.
 ചിറ്റാർപുഴയിലും പമ്പാനദിയിലും മണിമലയാറിലും നീരൊഴുക്ക് കുറഞ്ഞതോടെ ടൺ കണക്കിന് മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. തോടുകളിലും പുഴകളിലും മറ്റും ഓലികൾ(കുഴികൾ) കുത്തിയാണ്‌ വെള്ളം ശേഖരിക്കുന്നത്‌.
മീനച്ചിലാറും വറ്റുന്നു
മീനച്ചിലാറ്റിലും കൈത്തോടുകളിലും ജനനിരപ്പ‌് താഴ്‌ന്നതോടെ പാലായിൽ വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം അനുഭവപ്പെട്ടു. പാലാ അമ്പാറ ഭാഗത്ത്‌  പുഴ വറ്റിവരണ്ടു. ജലസ്രോതസ്സുകൾ വറ്റിയതോടെ കിണറുകളിൽനിന്നുള്ള ജലനിധി പദ്ധതികളിൽ ഉൾപ്പെടെ പമ്പിങ‌് ഭാഗികമായേ നടത്താനാവുന്നുള്ളൂ. ജല അതോറിറ്റി കുടിവെള്ള പദ്ധതികളും ജലക്ഷാമം നേരിടുന്നുണ്ടെങ്കിലും പമ്പിങ‌് മുടങ്ങിയിട്ടില്ല. മുത്തോലി, കരൂർ, രാമപുരം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ക്ഷാമം തുടങ്ങി.  
നെടുംകുന്നം നെട്ടോട്ടത്തിൽ
 നെടുംകുന്നം പഞ്ചായത്തിലെ ഊട്ടുപാറകുന്ന്, പനങ്ങാംകുന്ന്, മുണ്ടുമല, അരണപ്പാറ, കുന്നിക്കാട്, പൊങ്ങമ്പാറ, വള്ളിമല, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷ കുടിവെള്ള ക്ഷാമമാണ്‌. കോടികൾ ചെലവഴിച്ച് പഞ്ചായത്ത് ജലനിധി പദ്ധതികൾ ആരംഭിച്ചെങ്കിലും പല പദ്ധതികളും വിജയിച്ചില്ല. വെള്ളം വറ്റുന്നതോടെ ജലനിധി പദ്ധതികൾ പലതും പരാജയപ്പെടും. ജല അതോറിറ്റി 15 ദിവസം കൂടുമ്പോഴാണ് ജലവിതരണം.
മാർച്ച്, ഏപ്രിൽ, മെയ്  മാസങ്ങളിൽ മണിമലയാറിന്റെ ജലനിരപ്പ് താഴുന്നതനുസരിച്ച് വിതരണം കുറയും. പിന്നെ മൂന്നാഴ്ച കുടുമ്പോൾ രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക്‌ മാത്രമാകും. ചാത്തനാട് തോടും, നെടുമണ്ണി തോടും ജനുവരിയോടെ നീരൊഴുക്ക് കുറഞ്ഞതും ക്ഷാമകാരണം തന്നെ. 
മുണ്ടാറിൽ വെള്ളം ആഴ്‌ചയിലൊന്ന്‌
കടുത്തുരുത്തിയുടെ പടിഞ്ഞാറൻ മേഖലകളിലും കല്ലറ പഞ്ചായത്തിലെ മുണ്ടാർ മേഖലകളും കടുത്ത കുടിവെള്ള ക്ഷാമമാണ്‌. വെള്ളൂർ – -വെളിയന്നൂർ കുടിവെള്ള പദ്ധതി ആശ്വാസമാണെങ്കിലും ആഴചയിൽ ഒരു തവണ കഷ്ടിച്ച്‌ വെള്ളംകിട്ടുന്ന അവസ്ഥയാണ്‌. നിരന്തരം പൈപ്പ് പൊട്ടുന്നതും പ്രതിസന്ധിക്ക് കാരണമാണ്‌. 
ഏറ്റുമാനൂരിൽ പേരൂർ എസ്‌എൻഡിപി, പാറേക്കടവ്‌, കണ്ടൻചിറ, കൊടുവത്താനം, മംഗരം കലുങ്ക്‌ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമമുണ്ട്‌.   30 കോടിരൂപയുടെ കിഫ്‌ബി കുടിവെള്ള പദ്ധതി വരുന്നതോട ഏറ്റുമാനൂരിൽ  കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമാകും. ഇതിനായി നേതാജി നഗറിൽ സ്ഥലമേറ്റെടുക്കൽ ആരംഭിച്ചു.
 
പ്രധാന വാർത്തകൾ
 Top