18 June Tuesday
ജില്ലയിലെത്തുന്നത‌് കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്ര

കോട്ടയത്ത‌് പ്രചാരണ ജാഥ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

എൽഡിഎഫ്‌ കേരള സംരക്ഷണയാത്രയ്‌ക്ക്‌ മുന്നോടിയായി നടത്തിയ വിളംബര ജാഥയിൽ നിന്ന്‌

 കോട്ടയം

ആയിരം ദിനങ്ങൾ നീണ്ട വിജയഗാഥ. അഭിമാനത്തോടെ എൽഡിഎഫ‌് സർക്കാർ ജനങ്ങൾക്കിടയിൽ നിറഞ്ഞു. ഇപ്പോൾ രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. നാടിന്റെ നന്മക്കായി ഇടതുപക്ഷത്തിനു പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ‌്ത‌് എൽഡിഎഫിന്റെ കേരള സംരക്ഷണ യാത്ര ശനിയാഴ‌്ച ജില്ലയിലെത്തുകയാണ‌്.
വികസനോന്മുഖതയും മതനിരപേക്ഷതയും ഉയർത്തി എങ്ങിനെ സദ‌്ഭരണം കാഴ‌്ചവയ‌്ക്കാം എന്ന‌് കേരളത്തെ കാണിച്ചുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ‌് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയും യാത്രയുടെ ലക്ഷ്യമാണ‌്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം രാജ്യമെമ്പാടും കൊടുമ്പിരി കൊള്ളുന്ന സന്ദർഭത്തിൽ, മതനിരപേക്ഷതക്കായി സ്വയം സമർപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരളയാത്ര ഏറെ പ്രാധാന്യമർഹിക്കുന്നു.
തിരുവനന്തപുരത്ത‌് ആരംഭിച്ച തെക്കൻ മേഖലാ ജാഥ നാലു ജില്ലകളിൽ അത്യുജ്വല സ്വീകരണം ഏറ്റുവാങ്ങിയാണ‌് കോട്ടയം ജില്ലയിലെത്തുന്നത‌്. കേരളത്തിലെ നവോത്ഥാനത്തിന്റെ കവാടമായിരുന്ന വൈക്കമാണ‌് എൽഡിഎഫ‌് ജാഥക്ക‌് ജില്ലയിലേക്ക‌് സ്വാഗതമരുളുന്നത‌്. വൈക്കം സത്യഗ്രഹത്തിലൂടെ ചരിത്രത്തിലിടം നേടിയ മണ്ണ‌്. നവോത്ഥാന പാഠങ്ങളിൽ എന്നും ഒന്നാം നിരയിലുള്ള ഈ സമരചരിത്രം ഏറെ പ്രസക്തമായ ദിനങ്ങളിലാണ‌് ഈ യാത്രയും  എത്തുന്നത‌്. സ. പി കൃഷ‌്ണപിള്ളയുടെ ജന്മംകൊണ്ടും മഹാത്മാഗാന്ധിയുടെ പാദസ‌്പർശം കൊണ്ടും ധന്യമായ നാട‌്. മനുഷ്യനെ മനുഷ്യനാക്കിയ ഈ സത്യഗ്രഹ ഭൂമി, എക്കാലവും ചെങ്കൊടി മാത്രം നെഞ്ചേറ്റി പുതുതലമുറയെയും ആവേശഭരിതമാക്കുന്ന വിപ്ലവ മണ്ണ‌്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന യാത്രക്ക‌് അത്യുജ്വല സ്വീകരണമേകാൻ എല്ലാ ഒരുക്കവും വൈക്കത്ത‌് പൂർത്തിയായിക്കഴിഞ്ഞു. 
 
  പ്രളയദുരിത ബാധിതരും മത്സ്യത്തൊഴിലാളികളും കയർതൊഴിലാളികളുമടക്കം സാധാരണക്കാർ ഏറെയുള്ള നാട്ടിൽ സാധാരണക്കാരന്റെ ശബ്ദമായ എൽഡിഎഫ‌ിന്റെ ജാഥക്ക‌് നൽകുന്ന സ്വീകരണത്തിന‌് ആവേശം ഒട്ടും ചോരില്ല. സർക്കാർ സഹായത്താൽ പുതുജീവിതത്തിലേക്ക‌് വന്നവരും ഇവരിലേറെ.
 ശനിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് എത്തുന്ന യാത്രയെ വരവേൽക്കാൻ എൽഡിഎഫിലെ എല്ലാ കക്ഷികളുടെയും നേതാക്കളെത്തും. ചെണ്ടമേളവും വെടിക്കെട്ടുമെല്ലാം സ്വീകരണങ്ങൾക്ക‌് കൊഴുപ്പേകും 
  തുടർന്നുള്ള രണ്ടുദിവസം കോട്ടയത്തിന്റെ ഹൃദയഭൂമികയെ ചുവപ്പിച്ച‌് ജാഥാ പര്യടനം. മലയോരവും കായലോരവുമെല്ലാം ഒന്നിക്കുന്ന ജില്ലയുടെ സ‌്പന്ദനങ്ങളിലൂടെ രണ്ടു ദിവസം.  കേന്ദ്ര വഞ്ചനയിൽ തകർന്ന റബ്ബർ കർഷകരുടെ നാടിന‌് പ്രതീക്ഷ എൽഡിഎഫ‌് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ മാത്രമാണ‌്. റബ്ബറിനെ കാർഷിക വിളയായി അംഗീകരിക്കാനോ വിലസ്ഥിരത ഉറപ്പാക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ പൊള്ളയായ റബ്ബർ നയം പ്രസിദ്ധീകരിച്ച‌് വഞ്ചനാപരമായ നിലപാടെടുത്തതും റബ്ബർ കർഷകരുടെ അമർഷത്തിനിടയാക്കിയിട്ടുണ്ട‌്. 
    എണ്ണമറ്റ ധീരരക്തസാക്ഷികളുടെ പ്രസ്ഥാനമായ സിപിഐ എമ്മിനെ കുപ്രചാരണങ്ങളിലൂടെ  അക്രമ പ്രസ്ഥാനമായി ചിത്രീകരിച്ച‌് രാഷ്ട്രീയ നേട്ടം കൊയ്യാൻ കോൺഗ്രസും മാധ്യമങ്ങളും കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന സമയമാണിത‌്. രാഷ‌്ട്രീയം ഉയർത്തി നേരിടാൻ കെല്പില്ലാത്തതിനാൽ കുപ്രചാരണം മറയാക്കിയാണ‌് ഇത്തരക്കാരുടെ "പോരാട്ടം‌'. ഇത്തരം കാലിക വിഷയങ്ങളിലും യാത്ര ജനങ്ങളുമായി സംവദിക്കും. 
  റബർ കൃഷിയോടും വിശേഷിച്ച‌് കേരളത്തോടുമുള്ള കേന്ദ്രത്തിന്റെ അവഗണനാ മനോഭാവം ജാഥ തുറന്നുകാട്ടും. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ കോർപറേറ്റ‌് അനുകൂല, വർഗീയ നയങ്ങൾ രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കി. ഇതേ നയങ്ങൾ പിന്തുടരുന്ന കോൺഗ്രസാകട്ടെ ആർഎസ‌്എസ‌് പറയുന്നത‌് ഏറ്റുപാടുന്നു. ശബരിമല വിഷയത്തിൽ ഈ കൂട്ടുകെട്ട‌് കേരളം കണ്ടു. ഈ സാഹചര്യത്തിൽ ജനപക്ഷ നിലപാട‌് ഉയർത്തി, രാജ്യത്ത‌് പുതിയ ബദൽ സൃഷ്ടിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന സന്ദേശമാണ‌് കേരള സംരക്ഷണ യാത്ര നടത്തുന്നത‌്. ജനലക്ഷങ്ങൾ ആ യാത്രക്കൊപ്പം അണിനിരന്നു കഴിഞ്ഞു. 
  വൈക്കം ബോട്ട‌് ജെട്ടിയിലാണ‌് ശനിയാഴ‌്ചത്തെ സ്വീകരണം. ഞായറാഴ‌്ച പകൽ 11 ന‌് കുറുപ്പന്തറ ചന്തമൈതാനം, മൂന്നിന‌് പാലാ ന്യൂബസാർ, വൈകിട്ട‌് നാലിന‌് ഏറ്റുമാനൂർ കോവിൽപാടം, അഞ്ചിന‌് തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ സ്വീകരണം നൽകും.  
 തിങ്കളാഴ‌്ച പകൽ 11 ന‌് പെരുന്ന, മൂന്നിന‌് പൊൻകുന്നം രാജേന്ദ്ര മൈതാനം, വൈകിട്ട‌് നാലിന‌് മുണ്ടക്കയം ബസ‌്സ‌്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലും സ്വീകരണം നൽകും‌. ജാഥയിൽ കെ പ്രകാശ‌്ബാബു(സിപിഐ), പി സതീദേവി(സിപിഐ എം), പി കെ രാജൻ(എൻസിപി), യു ബാബു ഗോപിനാഥ‌്(കോൺഗ്രസ‌് എസ‌്), ഡീക്കൻ തോമസ‌് കയ്യത്ര(കേരള കോൺഗ്രസ‌് –- സ‌്കറിയ), ഡോ. വർഗീസ‌് ജോർജ‌്(ലോക‌് താന്ത്രിക‌് ജനതാദൾ), കാസിം ഇരിക്കൂർ(ഐഎൻഎൽ), ആന്റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു(കേരള കോൺഗ്രസ‌് ബി) എന്നിവർ അംഗങ്ങളാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top